NEWSROOM

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

ആറ് പതിറ്റാണ്ടിനിടെ  700ലധികം സിനിമകളില്‍ അഭിനയിച്ചു.

Author : ന്യൂസ് ഡെസ്ക്

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പരിശോധനയിൽ സ്റ്റേജ്-4 കാൻസർ കണ്ടെത്തിയിരുന്നെന്നും രോഗം മൂർച്ഛിച്ചതാണ് മരണ കാരണമെന്നും എറണാകുളം ലിസി ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പിൽ അറിയിച്ചു. വൈകീട്ട് 5.53 ഓടെയാണ് മരണം. 

ഭൗതിക ശരീരം നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി ടൗൺഹാളിൽ പൊതു ദർശനത്തിന് വെക്കും.  വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. 

ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ കവിയൂർ പൊന്നമ്മ 700ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1945 സെപ്തംബര്‍ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ ആണ് ജനനം. അന്തരിച്ച പ്രശസ്ത സിനിമ-നാടക നടിയായിരുന്ന കവിയൂര്‍ രേണുക സഹോദരിയാണ്.

അവസാന നാളുകളില്‍ പറവൂര്‍ കരിമാളൂരിലെ വീട്ടില്‍ സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു കവിയൂര്‍ പൊന്നമ്മ താമസിച്ചിരുന്നത്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭര്‍ത്താവ്. ഏക മകള്‍ ബിന്ദു അമേരിക്കയിലാണ്.

നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. കെപിഎസിയുടെ ഗായികയായിട്ടാണ് അരങ്ങത്തേക്ക് എത്തിയത്.

17-ാം വയസില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ജോഡിയായി ശ്രീരാമ പട്ടാഭിഷേകത്തിലൂടെ സിനിമയിലെത്തി. എന്നാല്‍ 1964ല്‍ കുടുംബിനിയിലെ ഷീലയുടെ അമ്മ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

20-ാം വയസില്‍ തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. അമ്മ വേഷങ്ങളിലൂടെ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട കവിയൂര്‍ പൊന്നമ്മയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അമ്മ- മകന്‍ കോംബോ മോഹന്‍ലാലിനൊപ്പമാണ്. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തില്‍ നെടുമുടി വേണുവിനൊപ്പമാണ് അവസാനമായി അഭിനയിച്ചത്.

SCROLL FOR NEXT