NEWSROOM

"ഇതുപോലുള്ള കുറ്റവാളികളെയാണല്ലോ പിന്തുണയ്ക്കുന്നത്, നിങ്ങൾ ഒരു അവസരവാദിയാണ്"; മാലാ പാർവതിയെ വിമർശിച്ച് നടി രഞ്ജിനി

നടിയുടെ നിലപാടിൽ ദുഃഖിതയാണെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു

Author : ന്യൂസ് ഡെസ്ക്

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ മാലാ പാർവതിയെ വിമർശിച്ച് നടി രഞ്ജിനി. പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമായിട്ടും ഇതുപോലുള്ള കുറ്റവാളികളെയാണ് നടി പിന്തുണയ്ക്കുന്നത് എന്നായിരുന്നു രഞ്ജിനിയുടെ വിമർശനം. മാലാ പാർവതി അവസരവാദിയാണെന്നും നടിയുടെ നിലപാടിൽ ദുഃഖിതയാണെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു. ഷൈനിന്‍റെയും മാലാ പാർവതിയുടെയും ഫോട്ടോകള്‍ക്കൊപ്പമായിരുന്നു കുറിപ്പ്.

'മാലാ പാർവതി, നാണക്കേട് തോന്നുന്നു! പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമായിട്ടും ഇതുപോലുള്ള കുറ്റവാളികളെയാണല്ലോ പിന്തുണയ്ക്കുന്നത്! നിങ്ങൾ ഒരു അവസരവാദിയാണെന്നാണ് ഇത് കാണിക്കുന്നത്... വളരെ ദുഃഖിതയാണ്, എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല', രഞ്ജിനി കുറിച്ചു.

സിനിമാ സെറ്റിലെ നടന്റെ ലഹരി ഉപയോ​ഗത്തെപ്പറ്റിയുള്ള വിൻസിയുടെ തുറന്നുപറച്ചിലിൽ വിൻസിയെ തള്ളിപ്പറഞ്ഞ്, ഷൈനിനെ വെള്ളപൂശി എന്നായിരുന്നു മാലാ പാർവതിക്കെതിരെ ഉയർന്ന ആരോപണം. എന്നാൽ ഇത് ചാനലുകള്‍ പെട്ടെന്ന് ടെലി വിളിച്ചപ്പോള്‍ തനിക്ക് പറ്റിയ പിഴയായി കാണണമെന്നായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം.


'മാലാ പാര്‍വതി, ഷൈന്‍ ടോം ചാക്കോയേ വെള്ള പൂശുകയും, വിന്‍സിയേ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ അങ്ങനെ വിചാരിച്ചതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാലത്ത്, ഒന്നിന് പുറമേ ഒന്നായി ഫോണ്‍ കോളുകള്‍ വരുകയായിരുന്നു. ചോദ്യങ്ങള്‍ക്കാണ് ഞാന്‍ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈന്‍ സെറ്റില്‍ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാന്‍ എന്റെ അനുഭവം പറഞ്ഞു.

ഈ ഇന്റര്‍വ്യൂസിലൊക്കെ, ഷൈന്‍ കാണിക്കുന്ന കാര്യങ്ങള്‍, സെറ്റില്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്. സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റില്‍, ഷോട്ടിന്റെ സമയത്തെ പരസ്പരം കാണുന്നുള്ളൂ. ഷോട്ട് കഴിഞ്ഞാല്‍ ഷൈന്‍ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികള്‍ ഞാന്‍ വിശദമായി, ഈ contextല്‍ പറയാന്‍ പാടില്ലായിരുന്നു, എന്ന് ഞാന്‍ മനസ്സിലാക്കുന്നു '- ഇങ്ങനെ പോകുന്നു മാലാ പാർവതിയുടെ വിശദീകരണം.

SCROLL FOR NEXT