നടൻ സിദ്ദീഖിനെതിരെ നിയമനടപടിക്കൊരുങ്ങി സർക്കാർ. യുവ നടി രേവതി സമ്പത്തിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നീക്കം. കേസ് എടുക്കാനുള്ള നിയമസാധ്യതയാണ് സർക്കാർ തേടിയിരിക്കുന്നത്.
സിദ്ദീഖ് ശാരീരികമായി പീഡിപ്പിച്ചുവെന്നും വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്നുമാണ് രേവതി സമ്പത്തിൻ്റെ വെളിപ്പെടുത്തല്‍. പീഡനത്തെ കുറിച്ച് പുറത്തു പറയാന്‍ പോലും സമയമെടുത്തു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമാ മേഖലയിലേക്ക് എത്തിയത്. പ്ലസ് ടു കഴിഞ്ഞ സമയത്താണ് അയാള്‍ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രൊജക്ട് ഉണ്ടെന്നും സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. സംഭവത്തിന് ശേഷം അയാള്‍ ഉളുപ്പ് ഇല്ലാതെ ഭക്ഷണം കഴിച്ചുവെന്നും യുവനടി പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളെ ക്രിമിനല്‍ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദീഖ് അങ്ങനെയെങ്കില്‍ ക്രിമിനല്‍ അല്ലേയെന്നും രേവതി സമ്പത്ത് ചോദിച്ചിരുന്നു. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തുകയുണ്ടായി. ഇനി നിയമനടപടി എന്നല്ല, ഒന്നിനുമില്ല. അത്രത്തോളം ജീവിതത്തില്‍ അനുഭവിച്ചെന്നും രേവതി പറഞ്ഞു. സിദ്ദീഖ് കൊടും ക്രിമിനലാണെന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത് പച്ചക്കള്ളമാണെന്നും യുവനടി കൂട്ടിച്ചേർത്തു.