NEWSROOM

ഓസ്ട്രേലിയയെ 337 റണ്‍സിലൊതുക്കി ഇന്ത്യ; ഹെഡിന് സെഞ്ചുറി, ബൂമ്രയ്ക്കും സിറാജിനും നാല് വിക്കറ്റ്

വലിയ സ്കോറിലേക്ക് കുതിക്കുമായിരുന്ന ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്



ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് 337 റണ്‍സില്‍ അവസാനിച്ചു. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഓസീസ് 157 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് സ്വന്തമാക്കിയത്. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും മര്‍നസ് ലെബുഷെയ്നിന്റെ അര്‍ധ സെഞ്ചുറിയുമാണ് ഓസീസ് ഇന്നിങ്സിന് കരുത്ത് പകര്‍ന്നത്. വലിയ സ്കോറിലേക്ക് കുതിക്കുമായിരുന്ന ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ജസ്പ്രീത് ബൂമ്രയും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതവും നിതീഷ് റെഡ്ഡി, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. 13 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് മാത്രമായിരുന്നു നഷ്ടം. 38 റണ്‍സുമായി നഥാന്‍ മക് സീനിയും മര്‍നസ് ലബുഷെയ്നുമായിരുന്നു ക്രീസില്‍. രണ്ടാം ദിനം കളി തുടങ്ങിയ ഓസീസിന് മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 109 പന്ത് നേരിട്ട് 39 റണ്‍സുമായി നിന്ന മക് സീനിയെ ബ്രൂമ്ര വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. ബാറ്റിങ്ങില്‍ താളം കണ്ടെത്തുംമുന്‍പേ സ്റ്റീവന്‍ സ്മിത്തിനെയും (11 പന്തില്‍ രണ്ട്) ബ്രൂമ്ര മടക്കി. പന്തിനായിരുന്നു ക്യാച്ച്.

അര്‍ധ സെഞ്ചുറി നേടിയ ലബുഷെയ്നും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസീസ് ഇന്നിങ്സ് വേഗത്തിലാക്കി. ഹര്‍ഷിത് റാണയുടെ ഒരോവറില്‍ 17 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.അതേസമയം, മികച്ച രീതിയില്‍ പന്തെറിഞ്ഞ അശ്വിന്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടി. നിതീഷ് റെഡ്ഡിയും ഓസീസ് ഇന്നിങ്സിന്റെ വേഗം കുറച്ചു. അര്‍ധ സെഞ്ചുറിയുമായി കുതിക്കുകയായിരുന്ന ലബുഷെയ്ന്റെ വിക്കറ്റും നിതീഷ് റെഡ്ഡി സ്വന്തമാക്കി. ജയ്സ്വാളിനായിരുന്നു ക്യാച്ച്. ട്രാവിസ് ഹെഡിന് കൂട്ടായി മിച്ചല്‍ മാര്‍ഷ് കളത്തിലെത്തി. ബാറ്റിങ്ങില്‍ താളം കണ്ടെത്തിയ ഹെഡ് അതിനിടെ അര്‍ധ സെഞ്ചുറിയും തികച്ചു.

ആദ്യ സെഷന്‍ കഴിയുമ്പോഴേക്കും ഓസീസ് ഇന്ത്യന്‍ സ്കോര്‍ മറികടന്നിരുന്നു. ഹെഡിന്റെ തോളിലേറിയായിരുന്നു കങ്കാരുപ്പടയുടെ കുതിപ്പ്. ഒരുഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും ഏകദിന ശൈലിയില്‍ തകര്‍ത്തടിക്കുകയായിരുന്നു ഹെഡ്. ഇതിനിടെ, മിച്ചല്‍ മാര്‍ഷ് (9), അലക്സ് കാരി (15) എന്നിവരുടെ വിക്കറ്റുകള്‍ വീണു. മിച്ചല്‍ മാര്‍ഷ് അശ്വിന്റെ പന്തിലും കാരി സിറാജിന്റെ പന്തിലും പന്തിന് ക്യാച്ച് കൊടുത്ത് മടങ്ങി. സെഞ്ചുറി തികച്ച ഹെഡ് കൂടുതല്‍ അപകടകാരിയായ നിമിഷം, മുഹമ്മദ് സിറാജ് ഇന്ത്യക്ക് ബ്രേക്ക് നല്‍കി. 141 പന്തില്‍ 17 ഫോറും നാല് സിക്സും ഉള്‍പ്പെടെ 140 റണ്‍സുമായി നിന്ന ഹെഡിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സിറാജിന്റെ പിഴയ്ക്കാത്ത യോര്‍ക്കറിനു മുന്നില്‍ ഹെഡിന് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു. ഹെഡ് പുറത്തായതിനു പിന്നാലെ, പാറ്റ് കമ്മിന്‍സ് (12), മിച്ചല്‍ സ്റ്റാര്‍ക്ക് (18), സ്കോട്ട് ബോളണ്ട് (0) എന്നിവരുടെ വിക്കറ്റുകള്‍ വേഗം വീണു. കമ്മിന്‍സിനെ ബൂമ്ര ബൗള്‍ഡാക്കിയപ്പോള്‍, സ്റ്റാര്‍ക്കിനെയും ബോളണ്ടിനെയും മടക്കി സിറാജ് ഓസീസ് ഇന്നിങ്സിന് അവസാനമിട്ടു.

നേരത്തെ, ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 180 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 44.1 ഓവര്‍ മാത്രം കളിച്ച ഇന്ത്യ 180 റണ്‍സിനാണ് ഓള്‍ ഔട്ടായത്. ഇന്ത്യന്‍ നിരയില്‍ നാലുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നുപേര്‍ പൂജ്യത്തിനും പുറത്തായി. ഇന്ത്യന്‍ ബാറ്റിങ് നിരയെ വെള്ളംകുടിപ്പിച്ച സ്റ്റാര്‍ക്ക് 14.1 ഓവറില്‍ ആറ് വിക്കറ്റ് നേടി. സ്കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

SCROLL FOR NEXT