NEWSROOM

അജിത് കുമാറിന്‍റെ സ്ഥാനമാറ്റം എന്തിന് ? കാരണം വ്യക്തമാക്കാതെ സര്‍ക്കാര്‍ ഉത്തരവ്

ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല നല്‍കിയിട്ടുള്ളത്

Author : ന്യൂസ് ഡെസ്ക്



എഡിജിപി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. നടപടിയുടെ കാരണം വ്യക്തമാക്കാതെയുള്ള സ്ഥാനമാറ്റ ഉത്തരവ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല നല്‍കിയിട്ടുള്ളത്. അജിത് കുമാറിന് സായുധ ബറ്റാലിയന്‍റെ ചുമതല മാത്രമാണുള്ളത്.

ALSO READ : "അജിത് കുമാറിന്റെ തലയിൽ നിന്ന് തൊപ്പി ഊരിക്കുമെന്ന് പറഞ്ഞവന്റെ പേര് അൻവര്‍ എന്നാ സിഎമ്മേ"

പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, സ്വര്‍ണക്കടത്ത്, അനധികൃത സ്വത്ത് സമ്പാദനം, മാമി തിരോധാനം തുടങ്ങി നിരവധി ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ പി.വി. അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ളവര്‍ ഉന്നയിച്ചത്. ഘടകകക്ഷിയായ സിപിഐയും മുന്നണിക്കുള്ളില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയതിന് പിന്നാലെയാണ് എഡിജിപിക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയതിന് പിന്നാലെയാണ് സ്ഥാനം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. എഡിജിപിക്കെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ട് 32 ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി.

നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷം സഭയില്‍ വിഷയം ആളിക്കത്തിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് കണ്ണില്‍പൊടിയിടാനുള്ള നടപടി മാത്രമാണിതെന്നാണ് വി.ഡി സതീശന്‍റെ പ്രതികരണം. അതേസമയം സര്‍ക്കാര്‍ നടപടിയെ സിപിഐ സര്‍വാത്മനാ സ്വാഗതം ചെയ്തു.

SCROLL FOR NEXT