NEWSROOM

ADGP അജിത് കുമാര്‍ - ആര്‍എസ്എസ് കൂടിക്കാഴ്ച ; സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ആരംഭിച്ചു

ആര്‍എസ്‌എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, റാം മാധവ് എന്നിവരെ അജിത് കുമാര്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിജിപി ശേഖരിച്ചു

Author : ന്യൂസ് ഡെസ്ക്

എഡിജിപി എം.ആര്‍. അജിത് കുമാര്‍ - ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹേബ് അന്വേഷണം ആരംഭിച്ചു. ആര്‍എസ്‌എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, റാം മാധവ് എന്നിവരെ അജിത് കുമാര്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിജിപി ശേഖരിച്ചു. വിശദമായ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് നൽകാനാണ് തീരുമാനം. ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ പി.വി. അൻവറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാർ തന്നെ നിയമനടപടി സ്വീകരിക്കണമെന്നാണ് അജിത് കുമാറിന്റെ ആവശ്യം.

2023 മെയ് 23നായിരുന്നു ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. ദിവസങ്ങൾക്കുള്ളിൽ തിരുവനന്തപുരം കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആർഎസ്എസ് നേതാവ് റാം മാധവുമായും എഡിജിപി ചർച്ച നടത്തിയെന്നാണ് ആരോപണം.

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ചതോടെ എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റാൻ സര്‍ക്കാരിന് മേല്‍ സമ്മർദം ഏറുകയാണ്. സിപിഐ നിലപാട് കടുപ്പിച്ചതിന് പിന്നാലെ സിപിഎമ്മിനുള്ളിലും ആവശ്യം ശക്തമായി.ആർഎസ്എസ് കൂടിക്കാഴ്ചയുടെ പേരിൽ ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്നത് സർക്കാരിനെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കുമെന്നാണ് വാദം.അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുമ്പോൾ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരുന്നത് ശരിയല്ലെന്ന നിലപാടാണ് സംസ്ഥാന പൊലീസ് മേധാവിക്കുമുള്ളത്.

SCROLL FOR NEXT