NEWSROOM

പി.വി. അൻവറിൻ്റെ ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ നടപടിയെടുക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി എഡിജിപി

ആരോപണത്തിലൂടെ തനിക്കും കുടുംബത്തിനും മാനഹാനി വരുത്തിയെന്നും കത്തിൽ പറയുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

പി.വി അൻവറിൻ്റെ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കണമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാർ തന്നെ കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്നാണ് ആവശ്യം. പി.വി.അൻവർ എംഎൽഎയുടെ ആരോപണത്തിലൂടെ തനിക്കും കുടുംബത്തിനും മാനഹാനി വരുത്തിയെന്നും കത്തിൽ പറയുന്നുണ്ട്.

ആരോപണവിധേയനായ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. അന്വേഷണ വിധേയമായി അദ്ദേഹത്തെ മാറ്റി നിർത്തണമെന്നാണ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെയും നിലപാട്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല.

ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, ഇന്ന് പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനും സർക്കാരാണ് ഇക്കാര്യം പരിശോധിക്കേണ്ടത് എന്ന നിലപാട് പ്രഖ്യാപിച്ചിരുന്നു. സിപിഐയ്ക്ക് എന്ന പോലെ സി.പി.എമ്മിനും ഇപ്പോഴത്തെ സംഭവങ്ങളിൽ അതൃപ്തിയുണ്ട് എന്ന് എം.വി. ഗോവിന്ദൻ ഇന്നലെ തന്നെ പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.

ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ചതോടെയാണ് ക്രമസമാധാന ചുമതലയിൽ നിന്നും എഡിജിപിയെ മാറ്റാൻ സമ്മർദമേറിയത്. സിപിഐ നിലപാട് കടുപ്പിച്ചതോടെ സിപിഎമ്മിനുള്ളിൽ ആവശ്യം ശക്തമാവുകയാണ്. ആർഎസ്എസ് കൂടിക്കാഴ്ചയുടെ പേരിൽ ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്നത് സർക്കാരിനെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കുമെന്നാണ് വാദം.

SCROLL FOR NEXT