NEWSROOM

പൂരം കലക്കൽ വിവാദം; എഡിജിപി എം.ആർ. അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി

ആരോപണ വിധേയനായ എഡിജിപി എം.ആർ അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്കാണ് റിപ്പോർട്ട്‌ നൽകിയത്. ഇന്ന് വൈകീട്ടാണ് എഡിജിപി നേരിട്ട് റിപ്പോർട്ട്‌ നൽകിയത്.

Author : ന്യൂസ് ഡെസ്ക്

പൂരം കലക്കൽ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആരോപണ വിധേയനായ എഡിജിപി എം.ആർ. അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്കാണ് റിപ്പോർട്ട്‌ നൽകിയത്. ഇന്ന് വൈകീട്ടാണ് എഡിജിപി നേരിട്ട് റിപ്പോർട്ട്‌ നൽകിയത്. ഇന്നുതന്നെ സമർപ്പിക്കണമെന്ന നിർദേശത്തെത്തുടർന്നായിരുന്നു ഇത്. 24 ന് മുൻപ് റിപ്പോർട്ട്‌ സമർപ്പിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. റിപ്പോർട്ട്‌ ഡിഡിപി മുഖ്യമന്ത്രിക്ക് കൈമാറും.

തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട്‌ ഈ മാസം 24ന് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ അന്ത്യശാസനമുണ്ടായിരുന്നു. പിന്നാലെയാണ് എഡിജിപിയുടെ റിപ്പോർട്ട് എത്തിയത്. അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സർക്കാരിൻ്റെ കൈകളിലേക്ക് എത്തുന്നത്.പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് എവിടെയെന്ന ചോദ്യം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന സംശയം കഴിഞ്ഞദിവസം സിപിഐ നേതാക്കളും ഉയർത്തി. ഇതോടെയാണ് ഈ മാസം 24ന് റിപ്പോർട്ട് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കുന്നുവെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽ കുമാർ പറഞ്ഞു.ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിന് തൊട്ടുമുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ നീക്കം നടന്നെങ്കിലും അതുണ്ടായില്ല. അതേസമയം, തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഉടൻ തന്നെ റിപ്പോർട്ട്‌ നൽകാമെന്ന് ചെന്നൈയിലുള്ള അജിത് കുമാർ ഡിജിപിക്ക് ഉറപ്പുനൽകി. അന്വേഷണം പൂർത്തിയായെന്നും ബന്ധപ്പെട്ട എല്ലാവരുടെയും മൊഴി രേഖപ്പെടുത്തിയെന്നുമാണ് അജിത് കുമാറിൻ്റെ ഓഫീസ് വിശദീകരിക്കുന്നത്.

റിപ്പോർട്ട് സമർപ്പിച്ചാൽ പുറത്ത് വിടുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. തൃശൂർ പൂരം കലക്കലിൽ അന്വേഷണം നടന്നതായി അറിവില്ലെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകിയത്. ഇത് വിവാദമായതോടെ തിരുത്തും നടപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ലഭിച്ച നാല് പരാതികളാണ് അന്വേഷണത്തിനായി കൈമാറിയിരുന്നത്.

SCROLL FOR NEXT