ആർഎസ്എസ് നേതാവിനെ സന്ദർശിച്ച എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് പാർട്ടി നിലപാടെന്ന് സിപിഐ ദേശീയ നിർവാഹക സമിതി അംഗം കെ. പ്രകാശ് ബാബു. വിഷയത്തിൽ സർക്കാർ നടപടി എടുക്കും എന്നാണ് സിപിഐ വിശ്വസിക്കുന്നത്. നിലവിലുള്ളത് സാങ്കേതിക കാലത്താമസം മാത്രമാണെന്നും പ്രകാശ് ബാബു വയനാട്ടിൽ പറഞ്ഞു.
READ MORE: ഫാസിസ്റ്റ് സംഘടനയുമായി രഹസ്യ ചർച്ച നടത്തുന്ന പൊലീസ് മേധാവി ഭരണസംവിധാനത്തിന് കളങ്കം: സിപിഐ
പൂരം വിവാദത്തെ പറ്റി അഭിപ്രായം പറയേണ്ടത് തൃശൂർ ജില്ലാ കമ്മിറ്റിയാണെന്നും, പൂരം അലങ്കോലമായത് തെരഞ്ഞെടുപ്പിനെ ബാധിച്ചു എന്ന് പാർട്ടി വിലയിരുത്തിയിട്ടില്ലെന്നും കെ. പ്രകാശ് ബാബു പറഞ്ഞു. എഡിജിപിയെ അന്വേഷണ ചുമതലയേൽപ്പിച്ചതായി അറിയില്ല. സുനിൽ കുമാറും ജില്ലാ കമ്മിറ്റിയും അത് ചർച്ച ചെയ്യട്ടെ. പൂരം അലങ്കോലമായതിനെപ്പറ്റി പാർട്ടി സംസ്ഥാന നേതൃത്വം ചർച്ച ചെയ്യുകയോ തീരുമാനം അറിയിക്കുകയോ ചെയ്തിട്ടില്ല. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നത് രാഷ്ട്രീയ പ്രേരിതമെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.
ആർഎസ്എസ് കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തമാക്കണമെന്നും, ഇടതുപക്ഷ രാഷ്ട്രീയ ധാരണകൾക്ക് എഡിജിപി കളങ്കമാണെന്നും കെ. പ്രകാശ് ബാബു കഴിഞ്ഞ ദിവസം ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു.