NEWSROOM

പൂരം കലക്കല്‍: എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് 'പരമരഹസ്യം'; പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24/4 അനുസരിച്ച് രഹസ്യസ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് റിപ്പോർട്ട് പുറത്തുവിടാത്തത്

Author : ന്യൂസ് ഡെസ്ക്

പൂരം കലക്കലില്‍ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ അനിശ്ചതത്വം തുടരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ സ്വഭാവത്തിലുള്ളതാണെന്നും പുറത്തുവിടാനാകില്ലെന്നുമാണ് വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ ആഭ്യന്തര വകുപ്പിന്റെ മറുപടി.

വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24/4 അനുസരിച്ച് രഹസ്യസ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് ഈ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പുറത്തുവിടാത്തത്. പൂരം കലക്കലില്‍ തുടരന്വേഷണം നടക്കുന്നുണ്ടെന്നും വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ അറിയിച്ചിട്ടുണ്ട്.


പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടലില്ലെന്നായിരുന്നു എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ബോധപൂര്‍വമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പൂരം ഏകോപനത്തില്‍ കമ്മീഷണര്‍ അങ്കിത് അശോകിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈകളിലേക്ക് എത്തിയത്.

തൃശൂര്‍ പൂരം കലക്കലില്‍ ഈ മാസം മൂന്നിന് സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൂരം കലക്കുവാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുക.

SCROLL FOR NEXT