കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരെ പൊലീസിൽ പരാതി. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവാണ് പരാതി നൽകിയത്. ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തനെതിരെയും കണ്ണൂർ സിറ്റി പൊലീസിൽ പരാതി നൽകി.
ഇന്നലെ രാത്രിയാണ് പ്രവീൺ ബാബു പൊലീസിൽ പരാതി നൽകിയത്. നവീൻ ബാബുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.സഹോദരന് സർവ്വീസിൽ മോശം ട്രാക്കില്ലെന്നും അഴിമതിക്കാരനാക്കുന്നത് ശരിയല്ലെന്നും പ്രവീൺ പറഞ്ഞു.
എഡിഎമ്മിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച അഴിമതി ആരോപണം രാഷ്ട്രീയത്തിനൊപ്പം ഉദ്യോഗസ്ഥ തലത്തിലും വിവാദമാവുകയാണ്. ജില്ലാ കളക്ടറുടെ അറിവില്ലാതെ പി.പി. ദിവ്യ ഈ യോഗത്തിൽ എത്തുമായിരുന്നില്ല എന്നാണ് ജീവനക്കാരുടെ പൊതുവികാരം. മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും, കണ്ണൂരിൽ ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിന് തുടക്കമായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ നഗരസഭ പരിധിയിൽ നടത്തുന്ന ബിജെപി ഹർത്താലിനും തുടക്കമായി. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും.
ഇന്നലെയാണ് നവീൻ ബാബുവിനെ താമസ സ്ഥലമായ പള്ളിക്കുന്നിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപിച്ചത്. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് നിഗമനം.