NEWSROOM

എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി 24ലേക്ക് മാറ്റി

തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യ സമർപ്പിച്ച മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഈ മാസം 24ലേക്ക് മാറ്റി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചല്ല യോഗത്തിൽ സംസാരിച്ചതെന്നും തന്‍റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നു എന്നുമാണ് ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. ഫയലുകള്‍ വൈകിപ്പിച്ചെന്ന ആരോപണം നവീനെതിരെ നേരത്തെയും ഉണ്ടായിരുന്നു. ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. കലക്ടറാണ് പരിപാടിയെക്കുറിച്ച് തന്നോട് പറഞ്ഞതെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.

നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. തുടർന്നാണ് ദിവ്യ മുൻകൂർ ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചത്. എഡിഎമ്മിന്റെ മരണം വിവാദമായതിന് പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സിപിഎം മാറ്റിയിരുന്നു.

SCROLL FOR NEXT