NEWSROOM

"പി.പി. ദിവ്യയുടെ രാജിയിൽ ആശ്വാസം, അധികാരസ്ഥാനം ഒഴിയുന്നതോടെ സ്വാധീനം കുറയുമെന്ന് പ്രതീക്ഷ"; നവീൻ ബാബുവിൻ്റെ സഹോദരൻ

കേസിലെ പരാതിക്കാരൻ ആയതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും പ്രവീൺ ബാബു കൂട്ടിച്ചേർത്തു.

Author : ന്യൂസ് ഡെസ്ക്


കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി. ദിവ്യയുടെ രാജിയിൽ ഭാഗികമായ ആശ്വാസമുണ്ടെന്ന് എഡിഎം നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു. അധികാരസ്ഥാനം ഒഴിയുന്നതോടെ അൽപം സ്വാധീനം കുറയുമെന്ന് പ്രതീക്ഷിക്കുന്നെന്നും സഹോദരൻ പറയുന്നു. കേസിലെ പരാതിക്കാരൻ ആയതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും പ്രവീൺ ബാബു കൂട്ടിച്ചേർത്തു.

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രവീൺ ബാബു കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തനെതിരെയും കണ്ണൂർ സിറ്റി പൊലീസിൽ പരാതി നൽകി. സഹോദരന് സർവ്വീസിൽ മോശം ട്രാക്കില്ലെന്നും അഴിമതിക്കാരനാക്കുന്നത് ശരിയല്ലെന്നും പ്രവീൺ പറഞ്ഞു. നവീൻ ബാബുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

വ്യാഴാഴ്ചയായിരുന്നു പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും രാജിവച്ചത്.  പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കിക്കൊണ്ടുള്ള സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം അംഗീകരിക്കുന്നെന്നും പി.പി. ദിവ്യ അറിയിച്ചു. എഡിഎം നവീന്‍ ബാബുവിന്‍റെ വേർപാടില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും ദിവ്യയുടെ വാർത്താക്കുറിപ്പില്‍ പറയുന്നു. പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു.

എഡിഎമ്മിന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തതിനു പിന്നാലെയായിരുന്നു ദിവ്യയെ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനം. ഈ മാസം 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 14ാം തീയതി കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് നവീന്‍ബാബു ജീവനൊടുക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

SCROLL FOR NEXT