NEWSROOM

നവീൻ ബാബുവിന് കണ്ണീരോടെ വിട നൽകി ജന്മനാട്; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

വൻ ജനാവലിയാണ് നവീന് അന്ത്യാഞ്ജലിയർപ്പിക്കാനായി എത്തിയത്

Author : ന്യൂസ് ഡെസ്ക്



കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. മലയാലപ്പുഴയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടത്തിയത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് നവീൻ ബാബുവിന്റെ മൃതദേഹം ജന്മനാടായ മലയാലപ്പുഴയിൽ എത്തിച്ചത്. വൻ ജനാവലിയാണ് നവീന് അന്ത്യാഞ്ജലിയർപ്പിക്കാനായി എത്തിയത്. മരണാനന്തര ചടങ്ങുകളില്‍ റവന്യു മന്ത്രി കെ. രാജന്‍ പങ്കെടുത്തു.

വികാരനിർഭരമായ യാത്രയയപ്പാണ് പത്തനംതിട്ട കളക്ടറേറ്റിലും നവീൻ ബാബുവിന് നൽകിയത്. ഏഴ് മാസങ്ങൾക്ക് അപ്പുറം വിരമിക്കൽ ഏറ്റുവാങ്ങേണ്ട നവീൻ അന്ത്യമോപചാരം ഏറ്റുവാങ്ങി യാത്ര പറഞ്ഞു.

തന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങി എത്തുന്ന എഡിഎം നവീൻ ബാബുവിനെ ഇങ്ങനെ സ്വീകരിക്കേണ്ടി വരുമെന്ന് സഹപ്രവർത്തകർ ഒരിക്കലും കരുതിയിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ പലർക്കും കണ്ണീർ അടക്കാൻ കഴിഞ്ഞില്ല.


ആദ്യം മുതൽ തന്നെ മൃതദേഹത്തിനൊപ്പമായിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് പലപ്പോഴും സങ്കടം ഉള്ളിൽ ഒതുക്കി. പക്ഷെ മുൻ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ നവീന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞതോടെ വീണ ജോർജിനും കണ്ണീര്‍ അടക്കാൻ കഴിഞ്ഞില്ല.

റവന്യൂ മന്ത്രി കെ. രാജൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാജു ഏബ്രഹാം, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ കളക്ടറേറ്റിൽ നവീന് അന്ത്യമോപചാരം അർപ്പിച്ചു. ഇനിയൊരിക്കൽ കൂടെ കളക്ടറേറ്റിലേക്ക് നവീൻ എത്തില്ല, വിരമിക്കൽ യാത്രയയപ്പ് നൽകേണ്ട സഹപ്രവർത്തകർ നവീന് വേണ്ടി അവസാനമായി തൊണ്ടയിടറി യാത്രയയപ്പ് നൽകി.

SCROLL FOR NEXT