കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണക്കേസിൽ നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം. ദിവ്യക്കും കളക്ടർ അരുൺ കെ. വിജയനും എതിരെയുള്ള മൊഴികളിൽ കുടുംബം ഉറച്ചുനിന്നു. കണ്ണൂരിൽ നിന്നെത്തിയ മൂന്നംഗ അന്വേഷണ സംഘമാണ് കുടുംബത്തിന്‍റെ മൊഴിയെടുത്തത്.
നവീന്‍ ബാബുവിന്‍റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ കുടുംബം സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. നവീൻ ബാബു കളക്ടറോട് തെറ്റുപറ്റി എന്ന് പറഞ്ഞത് കളവാണെന്ന വാദത്തിലും കുടുംബം ഉറച്ചുനിന്നു.
യാത്രയയപ്പ് ചടങ്ങിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ അഴിമതി ആരോപണത്തിനു പിന്നാലെ എഡിഎം നവീന്‍ ബാബു ചേംബറിലെത്തി കണ്ടുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയത്. തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്നായിരുന്നു കളക്ടറുടെ മൊഴി. ഇത് കോഴ വാങ്ങിയതാണെന്ന് വ്യാഖ്യാനിക്കാനാകില്ലെന്ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധിയില്‍ പറഞ്ഞിരുന്നു. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് തന്നെയായിരുന്നു റവന്യു വകുപ്പിന്‍റെയും കണ്ടെത്തൽ. അഴിമതി ആരോപിക്കുന്ന പ്രശാന്തന്‍റെ പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിന് എഡിഎം സ്വീകരിച്ചത് സ്വാഭാവിക നടപടിക്രമമാണ്. ടൗൺ പ്ലാനിങ് റിപ്പോർട്ട് തേടിയതും സ്വാഭാവിക നടപടിയാണെന്നുമായിരുന്നു ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്. എഡിഎമ്മിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഫയൽ വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read: EXCLUSIVE | കൈരളി സൊസൈറ്റി നിയമന തട്ടിപ്പ്: കേന്ദ്ര സർക്കാർ സ്ഥാപനമെന്ന് തെറ്റിധരിപ്പിച്ച് കെ.വി. അശോകന്‍ വാങ്ങിയത് ലക്ഷങ്ങള്‍
സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. തുടർന്ന് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലീസ് ദിവ്യക്കെതിരെ കേസെടുത്തു. പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കി. ജയിലിലായ ദിവ്യക്ക് നവംബർ ഒന്‍പതിനാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്.