NEWSROOM

എഡിഎമ്മിന്‍റെ മരണം: കണ്ണൂർ കളക്ടറുടെ മൊഴി വീണ്ടുമെടുത്ത് പ്രത്യേക അന്വേഷണ സംഘം

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂർ കളക്ടർ അരുൺ കെ. വിജയനിൽ നിന്ന് വീണ്ടും മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം.  ‘തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തേ പുറത്തുവന്നിരുന്നു. ഇതിൽ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തിനു മുന്നില്‍ കളക്ടർ ആദ്യത്തെ മൊഴി ആവർത്തിച്ചു എന്നാണ് വിവരം.  

യാത്രയയപ്പ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ചേമ്പറിലെത്തി 'ഒരു തെറ്റ് പറ്റി' എന്ന് നവീൻ ബാബു പറഞ്ഞിരുന്നതായി ആയിരുന്നു പുറത്തു വന്ന കളക്ടറുടെ മൊഴി.  ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനും ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീതയ്ക്കും ഇതേ മൊഴിയാണ് കളക്ടർ നൽകിയിരുന്നത്. ഇതിനു പിന്നാലെ കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ രക്ഷിക്കാനാണ് കളക്ടർ ശ്രമിക്കുന്നതെന്ന ആരോപണവുമായി നവീന്‍ ബാബുവിന്‍റെ കുടുംബം രംഗത്തെത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.

Also Read: തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു സമ്മതിച്ചതായി കളക്ടറുടെ മൊഴി; ഇത് കോഴ വാങ്ങിയതാണെന്ന് വ്യാഖ്യാനിക്കാനാകില്ലെന്ന് കോടതി

എഡിഎമ്മിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ മരണം എന്ത് അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നും കോടതി ചോദിച്ചു. കുടുംബത്തിന്‍റെ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 8ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

Also Read: നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണം; സര്‍ക്കാരിനോടും സിബിഐയോടും നിലപാട് തേടി ഹൈക്കോടതി

സെപ്റ്റംബര്‍ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന, എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. തുടർന്ന് ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ദിവ്യക്ക് ജാമ്യം ലഭിച്ചിരുന്നു.

SCROLL FOR NEXT