എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ ക്ഷണിക്കപ്പെടാത്ത വേദിയിൽ പി.പി. ദിവ്യ പോകേണ്ടിയിരുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ആ സന്ദർഭത്തിൽ അത്തരത്തിലുള്ള പരാമർശങ്ങൾ വേണ്ടിയിരുന്നില്ല. ദിവ്യയുടെ ഭർത്താവിന്റേതാണ് പെട്രോൾ പമ്പ് എന്നുള്ളത് ഉറപ്പില്ലാത്ത ആരോപണമെന്നും പി.കെ ശ്രീമതി പറഞ്ഞു. നവീൻ ബാബുവിൻ്റെ ആത്മഹത്യ വലിയ വേദനയുണ്ടാക്കി. പാർട്ടി നിലപാട് ജില്ലാ സെക്രട്ടറി പറഞ്ഞു. അത് തന്നെയാണ് തന്റെ നിലപാടും. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും പി.കെ ശ്രീമതി അറിയിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് ശക്തമായി മുന്നേറുമെന്നും പി.കെ ശ്രീമതി കൂട്ടിച്ചേർത്തു.
ALSO READ: ദിവ്യയെ തള്ളി പത്തനംതിട്ട സിപിഎം; അപക്വമായ പെരുമാറ്റം, അന്വേഷണം വേണമെന്ന് ജില്ലാ സെക്രട്ടറി
കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടേത് അപക്വമായ പെരുമാറ്റമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രതികരിച്ചിരുന്നു. മാതൃകാപരമായ ജീവിതം നയിച്ച ആളാണ് നവീൻ. ദിവ്യയുടെ പെരുമാറ്റത്തെ ഗൗരവമായി തന്നെയാണ് പാർട്ടി കാണുന്നത്. സർക്കാരും പാർട്ടിയും ഇത് അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
ALSO READ: പെട്രോൾ പമ്പിൽ ദിവ്യയുടെ ഭർത്താവിനുൾപ്പെടെ ഷെയർ, പ്രശാന്തൻ ബിനാമി; ഗുരുതര ആരോപണവുമായി കോൺഗ്രസ്
അതേസമയം, നവീൻ ബാബു മരണപ്പെട്ടതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിനുൾപ്പെടെ ഷെയർ ഉള്ളതാണെന്നും, പ്രശാന്തൻ ബിനാമിയാണെന്നും ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് പറഞ്ഞു. എം.വി. ജയരാജൻ പുലർച്ചെ ആംബുലൻസ് വഴി തിരിച്ചുവിട്ട് റോഡിൽ കാത്തുനിന്നവരെ കബളിപ്പിച്ചെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.