NEWSROOM

സ്വയംവരം മുതല്‍ പിന്നെയും വരെ; മലയാള സിനിമയിലെ 'അടൂ‍ർ ടച്ച്'

1972 നവംബർ 24ന് കേരളത്തിലെ 14 തിയേറ്ററുകളിലേക്ക് എത്തിയ അടൂരിന്റെ സ്വയംവരത്തിന് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്

Author : ശ്രീജിത്ത് എസ്

ചെങ്ങന്നൂർ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഒരു ചായക്കട. അവിടെ ചായകുടിച്ചുകൊണ്ടിരുന്ന ജി.കെ. ഉണ്ണിത്താൻ എന്ന നാഷണൽ സാംപിൾ സർവേ ജീവനക്കാരൻ ചുക്കിചുളിഞ്ഞ ഒരു മനോരമ പത്രം മറിച്ചുകൊണ്ടിരിക്കുകയാണ്. ആ പത്രത്തിലെ ഒരു പരസ്യത്തിൽ ആ യുവാവിന്റെ കണ്ണുടക്കി. പരസ്യം ഇങ്ങനെയാണ് - പൂനെ ഫിലിം ആൻഡ് ടെലിഫിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഇവിടെ നിന്നും കട്ട് ചെയ്ത് 1973 ജൂലൈയിലെ തിരുവനന്തപുരത്തെ ഒരു ചായക്കടയിലേക്ക് പോകാം. ജി.കെ. ഉണ്ണിത്താനും സുഹൃത്തുക്കളും ചായകുടിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് റേഡിയോയിൽ ആ വാർത്ത വരുന്നത്. ആ വർഷത്തെ നാഷണൽ അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നു. മികച്ച ചിത്രം സ്വയംവരം, മികച്ച ഛായാ​ഗ്രഹണം മങ്കട രവിവർമ, മികച്ച നടി ടി. ശാരദ, മികച്ച സംവിധായകൻ, അതെ ജി.കെ. ഉണ്ണിത്താൻ എന്ന അടൂർ ​ഗോപാലകൃഷ്ണൻ.



1972 നവംബർ 24ന് കേരളത്തിലെ 14 തിയേറ്ററുകളിലേക്ക് എത്തിയ അടൂരിന്റെ സ്വയംവരത്തിന് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. അതിനു കാണികൾക്ക് കൃത്യമായ കാരണങ്ങളുമുണ്ട്. ഇതായിരുന്നില്ല അവർ കണ്ട മധുവും ശാരദയും? ഇതായിരുന്നില്ല അവർ കണ്ടിരുന്ന, കേട്ടിരുന്ന സിനിമ? ഇതായിരുന്നില്ല അവർ പരിയിച്ച താളം? ഇതൊക്കെ തന്നെയായിരുന്നു അടൂരിന്റെ ലക്ഷ്യവും. അജ്ഞാതങ്ങളിലേക്ക് വെറുതെ അങ്ങ് എടുത്തു ചാടുകയായിരുന്നില്ല അടൂർ, വലിയ ഒരു മാറ്റത്തെ മുന്നിൽ കണ്ടുള്ള ചുവടുവയ്പ്പ് തന്നെയായിരുന്നു അത്.

125 മിനിറ്റുള്ള സ്വയംവരത്തിന്റെ ഓപ്പണിങ് ഷോട്ടിന്റെ ദൈർഘ്യം അഞ്ച് മിനിറ്റും 36 സെക്കൻഡുമാണ്. അതും ഒരു സാധാരണ ബസ് യാത്ര. നഗരത്തിലേക്ക് എത്തുന്ന നവദമ്പതികളായ മധുവിന്റെയും ശാരദയുടെയും കഥാപാത്രങ്ങളുടെ ജീവിതയാത്രയുടെ തുടക്കം. ഇവിടെ മധുവും ശാരദയുമില്ല. ആ ബസിൽ ഇരിക്കുന്നത് വിശ്വവും സീതയുമാണ്. ബസിന്റെ ജനാലയിലൂടെ ന​ഗരക്കാഴ്ചകൾ സ്ക്രീനിൽ നിറഞ്ഞു. സിനിമ പുരോഗമിക്കുമ്പോൾ മധ്യവർ​ഗ ജീവിതത്തിന്റെ പുത്തൻ ഒരു നറേറ്റീവാണ് പ്രേക്ഷകർ കണ്ടത്. അവിടെയും തീരുന്നില്ല. സ്റ്റുഡിയോയ്ക്ക് പുറത്ത് തന്റെ നാ​ഗ്ര റെക്കോർഡറുമായി ശബ്ദ ലേഖകൻ പി. ദേവദാസിനൊപ്പം അടൂർ നടത്തിയ സിങ്ക് സൗണ്ട് പരീക്ഷണങ്ങൾ സിനിമ കാണുമ്പോൾ മലയാളിയുടെ കണ്ണിനൊപ്പം കാതും കൂർപ്പിച്ചു. അങ്ങനൊരു തുടക്കമോ സമീപനമോ അതിനു മുൻപ് മറ്റൊരു സംവിധായകനും മലയാളത്തിൽ സ്വീകരിച്ചിട്ടില്ല. സിനിമയുടെ പേര് പോലെ തന്നെ അത് അടൂരിന്റെ സ്വന്തം തീരുമാനമായിരുന്നു.

പിന്നീട് അങ്ങോട്ട് 'അടൂർ സിനിമകൾ' എന്ന പേരിൽ ആസ്വാദകരും നിരൂപകരും ഏറ്റെടുത്ത സിനിമകളോരോന്നും പരീക്ഷണങ്ങളായിരുന്നു. അതിന്റെ തുടക്കം സ്വയംവരത്തിൽ നിന്നല്ല, എഫ്‌ടിഐയിൽ വച്ചെടുത്ത 'എ ​ഗ്രേറ്റ് ഡേ' എന്ന ഷോർട്ട് ഫിലിമിൽ നിന്നാണ്.അലസനായ ഒരു യുവാവ്. രാവിലെ പാൽക്കാരന് വാതിൽ തുറന്ന് കൊടുക്കാനായി എഴുന്നേൽക്കാൻ മടിച്ച് സാക്ഷയിൽ ചരട് കെട്ടി വലിക്കുന്നത്ര മടിയൻ. അയാളുടെ കാമുകി ഒരു ദിവസം ഒരു അറിയിപ്പ് കൊടുക്കുന്നു. അച്ഛൻ നിങ്ങളെ കാണാൻ മുറിയിലേക്ക് വരുന്നു. തവള വരെ കുടിയേറിയിരുന്ന ആ മുറി എടിപിടിയെന്ന് വൃത്തിയാക്കാൻ നായകൻ ശ്രമിക്കുന്നു. ഇതായിരുന്നു ആ ഷോർട്ട് ഫിലിമിന്റെ ഉള്ളടക്കം. ഈ കഥ കേൾക്കുമ്പോൾ നമ്മൾ അറിയാതെ അടൂരിന്റെ വിഖ്യാതനായ ആ അലസനിലേക്ക് പോകും. എലിപ്പത്തായത്തിലെ കരമന ജനാർദനൻ അവതരിപ്പിച്ച ഉണ്ണി എന്ന കഥാപാത്രത്തിലേക്ക്.

പഴയ ഫ്യൂഡൽ ഓർമകളുടെ ചില അവശേഷിപ്പുകൾ തന്നിൽ നിലനിൽക്കെതന്നെ അതിലെ ചില അംശങ്ങളെ അതിവിദ​ഗ്ധമായി സിനിമയിൽ ഉപയോ​ഗിച്ചിട്ടുണ്ട് അടൂർ. എലിപ്പത്തായത്തിലെ ഉണ്ണി അതിന് ഉദാഹരണമാണ്. ഉണ്ണിയിലെ മടി കേവലം ശാരീരികമായ ഒന്നല്ല. പുരുഷ കേന്ദ്രീകൃതമായ ഒരു ചട്ടക്കൂടിൽ തനിക്ക് മാത്രം അനുഭവിക്കാൻ സാധിക്കുന്ന ചില സൗകര്യങ്ങളിൽ മതിമറന്നിരിക്കുന്ന കഥാപാത്രമാണ് ഉണ്ണി. മൂന്ന് സഹോദരിമാരാണ് ഉണ്ണിക്കുള്ളത്. കല്ല്യാണം കഴിച്ച് പോയ ജാനമ്മയും ആ പഴകിയ തറവാട്ടിൽ കുടുങ്ങിക്കിടക്കുന്ന രാജമ്മയും ശ്രീദേവിയും. ഇവർ എങ്ങനെ ജീവിക്കുന്നുവെന്ന് അറിയാൻ പോലുമുള്ള താൽപ്പര്യം ഉണ്ണിക്കില്ല. സിനിമയിൽ യാഥാർഥത്തിൽ എലിക്കെണിയിൽ പെട്ടിരിക്കുന്നത് ഈ സ്ത്രീകളാണ്. രാജമ്മയുടെ ക്ഷയിച്ചു വരുന്ന ആരോ​ഗ്യത്തോട് എത്രമാത്രം നിർവികാരതയാണോ ഉണ്ണി കാണിക്കുന്നത് അതേ നിർവികാരതയാണ് ശ്രീദേവി വീട് വിട്ടുപോകുമ്പോഴും ആ കൊച്ചാട്ടൻ കാണിക്കുന്നത്. തന്നെ തീറ്റിപോറ്റുന്ന തെങ്ങുകളിൽ കള്ളൻ കയറിയാലും അവരെ നേരിടാൻ അയാൾക്ക് ഭയമാണ്. ഒരു തരത്തിൽ പറഞ്ഞാൽ സംഭവങ്ങളോട് നേർക്ക് നേർ നിൽക്കാൻ ശേഷിയില്ലാത്ത ഒരു മനുഷ്യൻ. ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു മനുഷ്യൻ.

എലി, എലിക്കെണി, അടഞ്ഞ വാതിൽ എന്നിങ്ങനെയുള്ള ബിംബങ്ങളിലൂടെ സിനിമ ഒരുപാട് സംസാരിക്കുന്നുണ്ട്. അവസാനത്തോട് അടുക്കുമ്പോൾ ഏറെ കാലത്തിന് ശേഷം വീടിന്റെ വാതിൽ തുറന്ന് വെളിയിലേക്ക് നോക്കുന്ന ഉണ്ണി കാണുന്നത് പടിപ്പുര കടന്നുള്ളിലേക്ക് വരുന്ന ഒരു പെൺകുട്ടിയെയും അവളെ എടുത്ത് ഓടിപോകുന്ന ഒരു സ്ത്രീയേയുമാണ്. എലിക്കെണിയിലേക്ക് കൗതുകത്തിനാണെങ്കിലും എത്തിനോക്കാൻ പാടില്ലല്ലോ?

കഥ പറയുന്ന രീതിയാണ് അടൂർ സിനിമകളുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ബഷീറിന്റെയും തകഴിയുടെയും സക്കറിയയുടെയും രചനകൾ സിനിമയാക്കുമ്പോൾ അതിൽ ഒരു 'അടൂർ' ടച്ചുണ്ടാകും. ഈ കൂട്ടത്തിൽ ബഷീർ മതിലുകളിൽ ആവിഷ്കരിച്ച രചനാലോകം സിനിമയാക്കുക ഒരു വെല്ലുവിളി തന്നെയാണ്. ശബ്ദവും ​ഗന്ധവുമാകുന്ന ബഷീറിന്റെ നാരായണിയെ എങ്ങനെ തിരയിലെത്തിക്കും? കെപിഎസി ലളിതയെന്ന കഥ പറച്ചിലുകാരിയിലൂടെ അടൂർ അത് സാധ്യമാക്കി. മമ്മൂട്ടി ബഷീറായി രൂപാന്തരപെടുമ്പോൾ വാക്കുകൾക്ക് ജീവൻ പകർന്ന് നമ്മുടെ കാഴ്ചയെ മറയ്ക്കുന്ന മതിലിനപ്പുറം നാരായണിയായി ശബ്ദം കൊണ്ട് ലളിത പകർന്നാടി. അഭിനേതാവിന്റെ ശരീരം മാത്രമല്ല ശബ്ദവും സംവിധാകന്റെ പണിപ്പുരയിലെ ആയുധമാണെന്ന് പറ‍ഞ്ഞുവയ്ക്കുകയായിരുന്നു അടൂർ.


അനന്തരത്തിലെ അജയന്റെ സത്യവും മിഥ്യയും കൂടിക്കൊഴഞ്ഞ കഥനത്തിലും അടൂരിന്റെ കൈയ്യൊതുക്കം നമുക്ക് കാണാം. അജയന്റെ അസ്വസ്ഥമായ മനസിലേക്കുള്ള വാതിലാണ് അശോകന്റെ കണ്ണുകൾ. അതിൽ പ്രണയവും, സ്വപ്നവും, ഭയവും, ആശങ്കയും, മരണവുമുണ്ട്. മറുപുറത്ത് അജയന്റെ കൽപ്പനയിലെ നളിനിയായും മമ്മൂട്ടിയുടെ ഭാര്യ ശോഭയായും ശോഭന പ്രലോഭനങ്ങളുടെ കാന്തമാകുന്നു. അജയൻ തന്റെ ജീവിതകഥ പറയുന്നതിനിടയിലെ വിടവുകളിൽ നിശബ്ദതയ്ക്ക് സംവിധായകൻ നൽകിയ സ്ഥാനം പ്രധാനപ്പെട്ടതാണ്. പലപ്പോഴും അത് ക്ലോസ്ട്രോഫോബിക്കായ ഒരു അനുഭവമാകുന്നു. അജയന്റെ നോട്ടമാണ് ഈ സിനിമ. ഒരു ഘട്ടത്തിൽ നളിനി അജയനോട്. 'പുറകിലേക്ക് നോക്കിയാലേ എന്നെ കാണാൻ സാധിക്കൂ' എന്ന് പറയുന്നുണ്ട്. അജയന്റെ നോട്ടവും ഈ രീതിയിൽ പല കാലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിലെവിടയോ നിന്നാണ് നളിനി എന്ന കഥാപാത്രത്തെ അജയൻ കണ്ടെടുക്കുന്നത്. ഇടനാഴികളും, ജനലുകളും ,അജയന്റെ ക്ലോസപ്പുകളും, നോൺ ലീനിയറായ കഥ പറച്ചിലും, സിനിമയുടെ ഈ സങ്കീർണതയെ സാധൂകരിക്കുന്നതാണ്.

വിധേയനിലെ ഭാസ്ക്കര പട്ടേലരിലേക്കും തൊമ്മിയിലേക്കും എത്തുമ്പോൾ അധികാരം സൃഷ്ടിക്കുന്ന ഭയം എങ്ങനെയാണ് ഒരു മനുഷ്യനെ അടമയാക്കുന്നത് എന്നാണ് അടൂർ പറയുന്നത്. സക്കറിയയുടെ 'ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും' എന്ന നോവല്ലയാണ് സിനിമയ്ക്ക് ആധാരം. സിനിമയിൽ പട്ടേലർ എന്ന കഥാപാത്രത്തിന്റെ നിർമിതി എടുത്തുപറയേണ്ടതാണ്. അയാൾ ചിരിക്കില്ല, അശ്ലീല നോട്ടം കൊണ്ട് കടാക്ഷിക്കുകയോ ഉള്ളൂ. അയാൾ പറയുകയല്ല, എല്ലാവരുടെയും ഉടയോനെപ്പോലെ അലറുകയാണ് ചെയ്യുക. സിനിമയുടെ ബ്ലോക്കിങ്ങും ഫ്രെയിമിങ്ങും ഈ അധികാര ഘടനയെ സൂചിപ്പിക്കാനാണ് ഉപയോ​ഗിച്ചിരിക്കുന്നത്. മങ്കട രവി വർമയുടെ ഫ്രെയിമുകളിൽ മമ്മൂട്ടിയുടെ പട്ടേലർ ഈ ഘടനയുടെ ഉച്ചിയിൽ നിൽക്കുന്ന ആളാകുന്നു.അയാൾക്ക് കാട്ടുപോത്തിന്റെ കൊമ്പുകൾ മുളയ്ക്കുന്നു. എം.ആർ. ​ഗോപകുമാറിന്റെ തൊമ്മി, പട്ടേലരുടെ തോക്കിന് ഉന്നം അല്ലെങ്കിൽ അയാളുടെ പേക്കൂത്തുകൾക്ക് സാക്ഷിയാകുന്നു.

യാന്ത്രികമായാണ് തൊമ്മി പട്ടേലരുടെ അടിമയാകുന്നത്. അളന്നുമുറിച്ച സീനുകളിലൂടെ സബ്റ്റിലായിട്ടാണ് ഇതും അടൂർ ആവിഷ്കരിച്ചിരിക്കുന്നത്. ഒരു ദിവസം തൊമ്മി കാണുന്നത് തന്റെ കുടിലിന്റെ വാതിൽ തുറന്നു വരുന്ന പട്ടേലരെയാണ്. പട്ടേലർ അയാളെ കൂസാതെ കടന്നുപോകുന്നു. കരഞ്ഞു നിൽക്കുന്ന ഭാര്യ ഓമനയെ തൊമ്മി ഒന്ന് നോക്കുന്നു. അയാളുടെ കണ്ണിൽ ദേഷ്യവും നിസാഹയതയുമൊക്കെയുണ്ട്. അടുത്ത ഷോട്ടിൽ പട്ടേലർ പുഴ കടന്ന് പോകുന്നത് കാണാം. പിറ്റേന്ന് ഭാര്യയോട് എങ്ങോട്ടേലും പോകാം എന്ന് കരഞ്ഞുകൊണ്ട് പറയുന്നുണ്ട് തൊമ്മി. തുടർന്നുള്ള സീനിൽ നമ്മൾ കാണുന്നത് ദേഷ്യത്തോടെ പട്ടേലരെ മസാജ് ചെയ്യുന്ന തൊമ്മിയെയാണ്. ഭയവും നിലനിൽപ്പും അയാളെ പട്ടേലരുടെ വിധേയനാക്കിയിരിക്കുന്നു. ​ഗിമ്മിക്കുകളില്ലാതെ ഫ്രെയിമുകളിലൂടെയും കഥാപാത്ര നിർമിതിയിലൂടെയും ഇത് പറയാൻ സാധിച്ചുവെന്നതാണ് അടൂരിന്റെ വിജയം.

മലയാളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും അടൂർ നൽകിയ സംഭാവനകൾ ചെറുതല്ല. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിയായ ചിത്രലേഖ ഫിലിം സൊസൈറ്റിയിലൂടെ മലയാളിയെ ഒരു പുതിയ കാണിയായി പരിവർത്തനപ്പെടുത്താൻ സാധിച്ചതിൽ അടൂരിനും പങ്കുണ്ട്. കുളത്തൂർ ഭാസ്കരൻ നായരുടെയും അടൂരിന്റെയും നേതൃത്വത്തിലാണ് ഈ സംരംഭം സാധ്യമായത്. ഫിലിം സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ് ആണ് അടൂരിന്റെ സ്വയംവരവും കൊടിയേറ്റവും നിർമിച്ചത്. ഭരത് ഗോപി, കരമന തുടങ്ങിയ പ്രമുഖനടന്മാർ ചലച്ചിത്രരംഗത്തെത്തിയതും ചിത്രലേഖയിലൂടെയാണ്. അതിലും വലിയ സംഭാവന എന്താണ്?

Also Read: സത്യജിത് റേ: ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം

2016ൽ ഇറങ്ങിയ ദിലീപ് ചിത്രം പിന്നെയും കണ്ടില്ലെന്ന് നടിച്ചാൽ അടൂരിന്റെ ഫിലിമോ​ഗ്രഫി മികച്ച സിനിമകളും ഡോക്യുമെന്റികളും കൊണ്ട് സമ്പന്നമാണ്. സിനിമയും സംവിധായകനും വേറിട്ട സ്വത്വമാണ് പങ്കിടുന്നതെന്ന ക്ലീഷെ ന്യായീകരണത്തിൽ മുറുക്കെ പിടിച്ചാൽ അടൂർ സിനിമകളിൽ നിന്ന് ഒരുപാട് പഠിക്കാനുമുണ്ട്. തലമുറകൾ മില്ല്യേനിയത്തിൽ നിന്ന് ജെൻ സിയും ബീറ്റയും ഒക്കെ കടക്കുമ്പോൾ പതിഞ്ഞ താളത്തിൽ പോകുന്ന സോ കോള്‍ഡ് അവാർഡ് സിനിമകളെ നോക്കി അതൊരു അടൂർ ലൈനാണെന്ന് പറഞ്ഞ് മാറി നിൽക്കുന്നവരെ കുറ്റപ്പെടുത്താൻ സാധിക്കില്ല. ചില സിനിമകൾ പ്രേക്ഷകന്റെ അതീവ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. റീലിന്റെ വേ​ഗത്തിൽ പത്ത് സെക്കൻഡ് മുന്നിലേക്ക് ഓടിച്ച് വിട്ട് സിനിമ ആസ്വദിക്കാനാണ് നിങ്ങളുടെ പുറപ്പാടെങ്കിൽ മതിലുകളുടെ ഇൻസ്റ്റ​ഗ്രാം കവറുകൾ മാത്രം കണ്ട് തൃപ്തിയടയുക. പക്ഷേ നല്ല കലാസൃഷ്ടികൾ അപ്പോഴും കാണാമറയത്ത് നിന്ന് ഒരു ചുള്ളിക്കമ്പ് മുകളിലേക്ക് എറിഞ്ഞുകാട്ടിക്കൊണ്ടിരിക്കും. നല്ല സിനിമകൾ അങ്ങനെയാണ്, അവയുടെ അടയാളങ്ങൾ എല്ലായിടത്തുമുണ്ട്.

SCROLL FOR NEXT