NEWSROOM

VIDEO | കേരളാ കോണ്‍ഗ്രസ് എമ്മിനെ നോട്ടമിട്ട് യുഡിഎഫ്; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരികെയെത്തിക്കുന്നത് ആലോചിക്കും: അടൂര്‍ പ്രകാശ്

അവര്‍ വിട്ടുപോകാന്‍ പാടില്ലായിരുന്നു എന്നാണ് അന്നും ഇന്നും അഭിപ്രായമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളാ കോണ്‍ഗ്രസ് എമ്മിനെ തിരികെ എത്തിക്കുന്നത് കൂട്ടായി ആലോചിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മാണി വിഭാഗം മുന്നണി വിട്ട് പോയത് ബാധിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ന്യൂസ് മലയാളം ക്രോസ് ഫയറിലാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം.

കേരള കോണ്‍ഗ്രസ് എം പോയത് പലയിടങ്ങളിലും ദോഷഫലങ്ങള്‍ ഉണ്ടാക്കി. ഇലക്ഷന്‍ കഴിഞ്ഞുള്ള അവലോകനത്തില്‍ ഇക്കാര്യം വ്യക്തമായിരുന്നു. അവര്‍ വിട്ടുപോകാന്‍ പാടില്ലായിരുന്നു എന്നാണ് അന്നും ഇന്നും അഭിപ്രായമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ ബിജെപിയുടെ സഹായത്തോടെയാണ് അധികാരത്തില്‍ വന്നത്. 2026 ല്‍ യുഡിഎഫ് ഉയിര്‍ത്തെഴുന്നേല്‍ക്കും. ചെറിയ പാര്‍ട്ടികളെയും സംഘടനകളെയും ഒപ്പം ചേര്‍ക്കും. ഭരണവിരുദ്ധ വികാരം പിണറായിയുടെ മൂന്നാം സര്‍ക്കാര്‍ പ്രതീക്ഷ തകര്‍ക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ യുഡിഎഫുമായി കേരള കോണ്‍ഗ്രസ് അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അകലം പാലിച്ചിരുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി മാണി വിഭാഗം ഇരിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതിന് ശേഷം കേരള കോണ്‍ഗ്രസ് എം 2016 ലെ തെരഞ്ഞെടുപ്പിന്റെ സമയത്ത് എല്‍ഡിഎഫുമായി കൈകോര്‍ക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മാണി വിഭാഗം അതൃപ്തരാണെന്നാണ് വിലയിരുത്തല്‍. ഇത് വീണ്ടും കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫ് പാളയത്തിലേക്ക് അടുപ്പിക്കുമെന്നാണ് സൂചന.

SCROLL FOR NEXT