NEWSROOM

സംസ്ഥാനത്തെ 69 ശതമാനം എംഎൽഎമാരും ക്രിമിനൽ കേസ് പ്രതികൾ; കണക്ക് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

രാജ്യത്ത് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള എംഎൽഎമാരുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ തെലങ്കാനയോടൊപ്പം രണ്ടാമതാണ് കേരളം

Author : ന്യൂസ് ഡെസ്ക്

കേരളത്തിലെ 69 ശതമാനം എംഎൽഎമാർക്കെതിരെയും ക്രിമിനൽ കേസുകളുണ്ടെന്ന കണക്ക് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. 93 എംഎൽഎമാരാണ് ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള എംഎൽഎമാരുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ തെലങ്കാനയോടൊപ്പം രണ്ടാമതാണ് കേരളം. പട്ടികയിൽ 79% ക്രിമിനൽ കേസുള്ള എംഎൽഎമാരോടെ ആന്ധ്രാ പ്രദേശാണ് ഒന്നാമത്. രാജ്യത്താകെ 1861 എംഎൽഎമാർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

സംസ്ഥാനത്തെ എംഎൽഎമാരിൽ രണ്ട് പേർ കൊലകുറ്റത്തിനും മൂന്ന് പേർ വധശ്രമത്തിനും പ്രതിയാക്കപ്പെട്ടവരാണ്. നാല് പേർ സ്ത്രീകൾക്ക് എതിരായ അതിക്രമത്തിനും പ്രതി ചേർക്കപ്പെട്ടവരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഇന്ന് പുറത്തുവിട്ട കണക്കിൽ പറയുന്നു. എം.എം. മണിക്ക് എതിരെ രണ്ടും, പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസുധനന് എതിരെ മൂന്നും കൊലക്കേസുകൾ ഉണ്ട്.

എംഎൽഎമാരുടെയും നേതാക്കളുടെയും മറ്റും ആസ്തിയെ പറ്റിയുള്ള വിവരങ്ങളും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ടിട്ടുണ്ട്. എംഎൽഎമാരുടെ മൊത്തം ആസ്തി 420. 38 കോടിയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്കും 1.19 കോടിയുടെ ആസ്തിയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 6. 66 കോടി രൂപ ആസ്തിയാണ്. പി.വി. അൻവറിന് 64 കോടിയും, മാത്യു കുഴൽനാടന് 34 കോടിയുടെ ആസ്തിയുമുണ്ട്. ഗണേശ് കുമാറിന് 19 കോടി, അനുബ് ജേക്കബിന് 18 കോടി, കുഞ്ഞാലിക്കുട്ടിക്ക് 5.49 കോടി, മുഹമ്മദ് റിയാസിന് 1.82 കോടി എന്നിങ്ങനെയാണ് ആസ്തിയുടെ വിവരങ്ങൾ.

രാജ്യത്ത് 28 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ആകെയുള്ള 4123 എംഎൽഎമാരിൽ 4092 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കണക്കുകൾ പുറത്തുവിട്ടത്.

SCROLL FOR NEXT