മാവേലിക്കരയ്ക്കു സമീപം മാന്നാറില്‍ 15 വര്‍ഷം മുന്‍പു നടന്ന കലയുടെ കൊലപാതകത്തിന് തുമ്പായത് രണ്ട് ഊമക്കത്തുകള്‍. കല കൊല്ലപ്പെട്ടുവെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കൊല നടത്തിയതെങ്ങനെയെന്നും പ്രതികളെക്കുറിച്ചുള്ള സൂചനയും പൊലീസിന് ലഭിച്ചതും ഈ ഊമക്കത്തില്‍ നിന്നാണ്. ഒരു സിനിമാക്കഥ പോലെ തീര്‍ത്തും നിഗൂഡമായ കൊലപാതകത്തിന്റെ ചുരുളുകളാണ് ഇതോടെ അഴിഞ്ഞു വീണത്. മാവേലിക്കരയ്ക്കു സമീപം മാന്നാറില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടിപ്പോയി എന്ന പ്രചരിപ്പിച്ച്, യുവതിയെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു.
ഇരമത്തൂരില്‍ നിന്ന് കാണാതായ കല എന്ന 27 കാരി കൊല്ലപ്പെട്ടു എന്ന സത്യം പുറലോകമറിയുന്നത് ഈ ഊമക്കത്തിലൂടെയാണ്. കൊലപ്പെടുത്തിയ രീതിയും കൊലപാതകത്തില്‍ പങ്കുള്ളവരുടെ പേരുകളും ഉള്‍പ്പടെ വിശദമായി കത്തിലുണ്ടായിരുന്നു. രണ്ട് കത്തുകളാണ് പൊലീസിന് ലഭിച്ചത്. അതില്‍ രണ്ടാമത്തെ കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന്റെ നിര്‍ദേശത്തില്‍ അന്വേഷണം ആരംഭിക്കുന്നത്. കലയുടേത് കൊലപാതകം തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
മഫ്തിയിലുള്ള അന്വേഷണ സംഘം രഹസ്യമായി വിവരങ്ങള്‍ തേടുന്നുണ്ടെന്ന് ബന്ധുക്കള്‍ മനസിലാക്കുകയും ഇക്കാര്യം അനില്‍ കുമാറിനെ വിവരമറിയിക്കുകയും ചെയ്തു. ഇതിനിടെ പൊലീസ് അനില്‍ കുമാറിന്റെ അടുത്ത ബന്ധുക്കളായ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 15 വര്‍ഷമായി സൂക്ഷിക്കപ്പെട്ട കൊലപാതക രഹസ്യങ്ങളുടെ ചുരുള്‍ അഴിയുകയായിരുന്നു. കത്തിലെ കയ്യക്ഷരം കസ്റ്റഡിയിലെടുത്ത പ്രതികളിലൊരാളുടേതായി സാമ്യമുണ്ടെന്നും പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് ആര്‍ഡിഒയുടെയുടെ അനുമതി തേടി ഫോറന്‍സിക് വിഭാഗം പുലര്‍ച്ചയോടെ അനില്‍ കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചു. രണ്ട് സെപ്റ്റിക് ടാങ്കുകളാണ് ഉള്ളത്. പരിശോധനയില്‍ ഒന്നില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. സ്ത്രീകള്‍ ഉപയോഗിക്കുന്ന ക്ലിപും വസ്ത്രത്തിന്റെ അംശങ്ങളും ഒപ്പം ലഭിച്ചു. തെളിവുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കായി മാറ്റി. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു അനില്‍ കുമാറും കലയും. ഇരുവരുടെയും വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണുണ്ടായിരുന്നത്. മിശ്ര വിവാഹമായിരുന്നതിനാല്‍ അനില്‍ കുമാറിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തിന് താല്പര്യമുണ്ടായിരുന്നില്ല.
ഇതില്‍ ഇരുവര്‍ക്കും ഒരു മകനുമുണ്ട്. കലയും ഭര്‍ത്താവ് അനില്‍ കുമാറും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിദേശത്തായിരുന്ന അനില്‍ കുമാര്‍ നാട്ടിലെത്തിയ സമയത്താണ് കലയുടെ തിരോധാനം. 15 വര്‍ഷം മുന്‍പ് കലയെ കാണാതായപ്പോള്‍, സ്വര്‍ണവും പണവുമായി കാമുകനൊപ്പം ഒളിച്ചോടി പോയെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഊമ കത്ത് ലഭിച്ചതിന് ശേഷമുള്ള പൊലീസ് അന്വേഷണത്തിനിടെ, കസ്റ്റഡിയിലായവര്‍ കലയെ കൊല്ലപ്പെട്ട നിലയില്‍ അനില്‍ കുമാറിന്റെ കാറിനുള്ളില്‍ കണ്ടു എന്ന് മൊഴി നല്‍കി നല്‍കി. കഴുത്തില്‍ തുണി ഉപയോഗിച്ച് മുറുക്കിയാണ് കൊലപാതകമെന്നാണ് വിവരം. തുടര്‍ന്ന് മറവ് ചെയ്യാന്‍ സഹായം നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് കസ്റ്റഡിയില്‍ ഉള്ളവര്‍ മൊഴി നല്‍കിയത്.
സുരേഷ്, ജിനു രാജന്‍, പ്രമോദ്, സന്തോഷ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളവര്‍. അതേസമയം, അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. കലയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭര്‍ത്താവ് അനില്‍ കുമാര്‍ ഇപ്പോള്‍ ഇസ്രായേലിലാണ്. അതിനാല്‍ അനില്‍ കുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.