NEWSROOM

ഗുണ്ടാപ്പകയെന്ന് സൂചന; ഡൽഹിയിൽ അഫ്ഗാൻ വംശജനായ ജിം ഉടമയ്ക്ക് ദാരുണാന്ത്യം

കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപ്പകയെന്നാണ് ലഭ്യമാകുന്ന വിവരം. ബിഷ്ണോയ് സംഘം ഉത്തരവാദിത്വം ഏറ്റെടുത്തതായും സൂചനയുണ്ട്

Author : ന്യൂസ് ഡെസ്ക്

ഡൽഹിയിൽ അഫ്ഗാൻ വംശജനായ ജിം ഉടമയെ പൊതുസ്ഥലത്ത് വെടിവെച്ചു കൊന്നു. ഷാർക്സ് ജിം ഉടമ നാദിർ ഷായാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപ്പകയെന്നാണ് ലഭ്യമാകുന്ന വിവരം. ബിഷ്ണോയ് സംഘം ഉത്തരവാദിത്വം ഏറ്റെടുത്തതായും സൂചനയുണ്ട്. കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തെക്കൻ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് വൺ പ്രദേശത്ത് വെച്ചായിരുന്നു സംഭവം.

35 കാരനായ നാദിർ ഷാ തൻ്റെ ഉടമസ്ഥതയിലുള്ള ഷാർക്സ് ജിമ്മിന് പുറത്ത് സുഹൃത്തുമായി സംസാരിച്ച് നിൽക്കുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാൾ അവർക്ക് നേരെ മെല്ലെ നടന്നടുക്കുകയും പൊടുന്നനെ കയ്യിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ഷായെ വെടിവെയ്ക്കുകയുമായിരുന്നു. ആറ് തവണ വെടിയുതിർത്ത ശേഷം അയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. നാദിർ ഷായെ ഉടൻ സുഹൃത്തുക്കൾ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് കൊല്ലപ്പെട്ട നാദിർ ഷായെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഗോൾഡി ബ്രാറിൻ്റെ കൂട്ടാളി രോഹിത് ഗോദര ഏറ്റെടുത്തതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പഞ്ചാബ് ഗായകൻ എ.പി. ദിലോണിൻ്റെ കാനഡ വാൻകൂർ ദ്വീപിലെ വിടീന് പുറത്തുണ്ടായ വെടിവെപ്പിൻ്റെ ഉത്തരവാദിത്വവും ഗോദര ഏറ്റെടുത്തിരുന്നു.

SCROLL FOR NEXT