NEWSROOM

ആഫ്രിക്കൻ പന്നിപ്പനി: കോട്ടയം ജില്ലയിൽ നിരീക്ഷണം ഊർജിതം

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നി ഫാ​മുകളിലാണ് പന്നിപ്പനി രോഗബാധ സ്ഥിരീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിൽ നിരീക്ഷണം ഊർജിതം. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നി ഫാ​മുകളിലാണ് പന്നിപ്പനി രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും, പത്ത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂർ, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളാണ് നിരീക്ഷണ മേഖല.

ഫാമിലും ചുറ്റുവട്ടത്തുമുള്ള എല്ലാ പന്നികളെയും മൃഗസംരക്ഷണ വകുപ്പ് കൊന്നു സംസ്‌കരിക്കും. കേന്ദ്ര സർക്കാരിൻ്റെ മാനദണ്ഡ പ്രകാരമായിരിക്കും സംസ്കാരം. പന്നികളെ സംസ്കരിക്കുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ള പന്നിമാംസ വിതരണവും, വില്പനയും നിരോധിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളിലേക്ക് ഇവ കൊണ്ടുപോകുന്നതിനും, മറ്റിടങ്ങളിൽനിന്ന് കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.

നേരത്തെ, 2022ലാണ് കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. വയനാട് മാനന്തവാടി മുന്‍സിപ്പാലിറ്റി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്, നെന്മേനി ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു.

SCROLL FOR NEXT