NEWSROOM

'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് ശേഷം ഒരുങ്ങുന്നതും മുംബൈയെ കുറിച്ചുള്ള സിനിമകള്‍: പായല്‍ കപാഡിയ

പായലിന്റെ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' കഴിഞ്ഞ വര്‍ഷം കാനില്‍ നിന്നും ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്


2024 കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ സംവിധായികയാണ് പായല്‍ കപാഡിയ. കഴിഞ്ഞ വര്‍ഷം തന്റെ സിനിമ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് പായല്‍ കാനില്‍ എത്തിയത്. 2025 കാന്‍ ചലച്ചിത്ര മേളയില്‍ പായല്‍ ജൂറി അംഗമാണ്. പായലിന്റെ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' കഴിഞ്ഞ വര്‍ഷം കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ കാനില്‍ മാധ്യമപ്രവര്‍ത്തകരോട് പുതിയ സിനിമയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പായല്‍. മുംബൈ നഗരത്തെക്കുറിച്ചുള്ള സിനിമകളാണ് താന്‍ ഇനിയും ചെയ്യാന്‍ പോകുന്നതെന്നാണ് പായല്‍ പറഞ്ഞത്. മറ്റു പ്രൊജക്ടുകളെ കുറിച്ച് അതിന് ശേഷം മാത്രമെ ചിന്തിക്കുകയുള്ളൂ. മുംബൈ സങ്കീര്‍ണവും വൈരുദ്ധ്യവുമാര്‍ന്ന നഗരമാണെന്നും സംവിധായിക പറഞ്ഞു.



കഴിഞ്ഞ വര്‍ഷം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്' നല്‍കിയ സ്‌നേഹത്തിന് പായല്‍ കപാഡിയ മാധ്യമങ്ങളോട് നന്ദി അറിയിച്ചു. കാനില്‍ നിന്നും ചിത്രത്തിന് ലഭിച്ച അംഗീകാരവും മീഡിയ കവറേജും ഇന്ത്യയില്‍ ചിത്രം പ്രമോട്ട് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു സംവിധായിക എന്ന നിലയില്‍ തന്റെ സിനിമകള്‍ സ്വന്തം രാജ്യത്തും ആഗോളതലത്തിലും അറിയപ്പെടണമെന്നാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി.

നിലവില്‍ പായല്‍ രണ്ട് സിനിമകളുടെ ജോലിയിലാണ്. രണ്ടും 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' പോലെ മുംബൈ നഗരവുമായി ബന്ധമുള്ളവയാണ്. ഒരു ട്രിലിജി നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മുംബൈയുടെ സങ്കീര്‍ണതയും വൈരുദ്ധ്യവും പകര്‍ത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും പായല്‍ പറഞ്ഞു.



ഇന്ത്യന്‍-ഫ്രഞ്ച് പ്രൊഡക്ഷനായ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' ഇന്ത്യയിലും ആഗോള തലത്തിലും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹരുണ്‍ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മുംബൈയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രം പറഞ്ഞത്.

SCROLL FOR NEXT