NEWSROOM

വീണ്ടും ട്രംപിന്റെ 'പ്രതികാര നടപടി'; ബൈഡനു പിന്നാലെ ബ്ലിങ്കന്റെയും, സള്ളിവന്റെയും സുരക്ഷാ അനുമതി റദ്ദാക്കി

സെന്‍സിറ്റീവായ വിവരങ്ങളുടെ കാര്യത്തിൽ ബൈഡനെ വിശ്വസിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി

Author : ന്യൂസ് ഡെസ്ക്


യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷാ അനുമതി (സെക്യൂരിറ്റി ക്ലിയറന്‍സ്) വൈറ്റ് ഹൗസ് റദ്ദാക്കി. ഡൊണാള്‍ഡ് ട്രംപിനെതിരായ കേസുകൾക്ക് കൈകാര്യം ചെയ്ത ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജയിംസ്, മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് എന്നിവരുടെ സുരക്ഷാ അനുമതിയും നീക്കിയിട്ടുണ്ട്. ബൈഡന്റെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ലിസ മൊണാക്കോയുടെ സുരക്ഷാ അനുമതിയും റദ്ദാക്കിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതിയും, ഇന്റലിജൻസ് ബ്രീഫിങ്ങും കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് മുന്‍ ഉദ്യോഗസ്ഥര്‍ക്കും സമാന നടപടി.

സെക്യൂരിറ്റി ക്ലിയറന്‍സ് പ്രകാരം, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റുമാര്‍ക്കും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കും രഹസ്യ വിവരങ്ങള്‍ ലഭിക്കാനുള്ള അവകാശമുണ്ട്. ദേശീയ സുരക്ഷ സംബന്ധിച്ച ദൈനംദിന രഹസ്യാന്വേഷണ വിവരങ്ങളും (ഇന്റലിജൻസ് ബ്രീഫിങ്) ലഭിക്കും. അതാണ് ട്രംപ് റദ്ദാക്കിയിരിക്കുന്നത്. വളരെ സെന്‍സിറ്റീവായ വിവരങ്ങളുടെ കാര്യത്തിൽ ബൈഡനെ വിശ്വസിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. "ബൈഡൻ എനിക്കെതിരെ സ്വീകരിച്ച നടപടിയാണ് ഞാന്‍ പിന്തുടരുന്നത്. ബൈഡന്റെ ഓർമശക്തി മോശമാണ്. സെൻസിറ്റീവ് വിവരങ്ങളുടെ കാര്യത്തിൽ ബൈഡനെ വിശ്വസിക്കാൻ കഴിയില്ല" -എന്നായിരുന്നു നടപടിയെ ശരിവച്ചുകൊണ്ട് ട്രംപ് പറഞ്ഞത്. 2021ൽ ബൈഡന്‍ അധികാരത്തിലേറിയപ്പോള്‍, ട്രംപിനു ലഭിച്ചിരുന്ന ഇന്റലിജൻസ് ബ്രീഫിങ് പിൻ‌വലിച്ചിരുന്നു.

അതേസമയം, ട്രംപിന്റേത് പ്രതികാര നടപടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാഷ്ട്രീയമായി തന്നെ മറികടന്നവരും, 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിലും, ക്യാപിറ്റോള്‍ ആക്രമണത്തിലും തന്നെ ഉത്തരവാദിയാക്കാന്‍ ശ്രമിച്ചവരുമൊക്കെ ശത്രുക്കളുടെ ഗണത്തിലാണെന്ന് തെരഞ്ഞെടുപ്പുകാലത്തു തന്നെ ട്രംപ് പറഞ്ഞിരുന്നു. മാത്രമല്ല, കേസുകളില്‍ തനിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവര്‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ബൈഡനും മുന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരായ നടപടി വിലയിരുത്തുന്നത്.

നേരത്തെ, ട്രംപ് അധികാരമേറിയാല്‍ പ്രതികാര നടപടികള്‍ സ്വീകരിച്ചേക്കാന്‍ സാധ്യതയുള്ളവര്‍ക്ക് ജോ ബൈഡന്‍ മുന്‍കൂര്‍ മാപ്പ് അനുവദിച്ചിരുന്നു. അധികാരമൊഴിയാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പ്രസിസന്റിന്റെ അസാധാരണ അധികാരം ഉപയോഗിച്ചായിരുന്നു ബൈഡന്റെ നടപടി. കോവിഡ് വ്യാപനം സംബന്ധിച്ച ട്രംപിന്റെ വാദങ്ങളെ എതിര്‍ത്ത, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലെര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് മുന്‍ ഡയറക്ടര്‍ ഡോ. ആന്റണി ഫൗച്ചി, ക്യാപിറ്റോള്‍ ആക്രമണം അന്വേഷിച്ച ഹൗസ് കമ്മിറ്റി അംഗങ്ങള്‍, നേതൃത്വം കൊടുത്ത റിട്ട. ജനറല്‍ മാര്‍ക്ക് മില്ലി എന്നിവര്‍ക്കാണ് ബൈഡന്‍ മാപ്പ് നല്‍കിയത്. ഏതെങ്കിലും കുറ്റം ചുമത്തപ്പെടുകയോ, കേസെടുത്ത് അന്വേഷണം നടത്തുകയോ ചെയ്യുന്നതിനു മുന്‍പായി ഒരാളെ ശിക്ഷയില്‍നിന്ന് ഒഴിവാക്കാനുള്ള പ്രസിഡന്റിന്റെ പ്രത്യേക അവകാശമാണ് ബൈഡന്‍ വിനിയോഗിച്ചത്.

SCROLL FOR NEXT