NEWSROOM

അട്ടിമറികളുടെ ഗ്രാന്‍ഡ് സ്ലാം!അല്‍കരാസിനു പിന്നാലെ യുഎസ് ഓപ്പണില്‍ നിന്ന് ജോക്കോവിച്ചും പുറത്ത്

18 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടുകളില്‍ നിന്ന് ജോക്കോവിച്ച് പുറത്താകുന്നത്

Author : ന്യൂസ് ഡെസ്ക്

യുഎസ് ഓപ്പണിലെ അട്ടിമറികള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം രണ്ടാം റൗണ്ടില്‍ കാര്‍ലോസ് അല്‍കരാസ് പുറത്തായതിന്റെ ഞെട്ടലില്‍ നിന്ന് ആരാധകര്‍ മോചിതരായിട്ടില്ല. ഇതിനിടയിലാണ് നൊവാക് ജോക്കോവിച്ചും പുറത്തായിരിക്കുന്നത്. മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ 28-ാം റാങ്കുകാരന്‍ അലക്‌സീ പോപിരിനാണ് ജോക്കോവിച്ചിന്റെ പുറത്താകലിന് കാരണക്കാരന്‍. സ്‌കോര്‍: 6-4, 6-4, 2-6, 6-4

18 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടുകളില്‍ നിന്ന് ജോക്കോവിച്ച് പുറത്താകുന്നത്. നാല് തവണ യുഎസ് ഓപ്പണ്‍ ജേതാവായ ജോക്കോവിച്ച് 25-ാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ഇക്കുറി എത്തിയത്. എന്നാല്‍, 37 കാരനായ താരത്തിന് അടിപതറി.

2017 നു ശേഷം ആദ്യമായാണ് ജോക്കോവിച്ചിന് സീസണിലെ ഒരു ഗ്രാന്‍ഡ്സ്ലാം ടൈറ്റില്‍ പോലുമില്ലാതാകുന്നത്. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമാക്കിയ ജോക്കോവിച്ച് മൂന്നാം സെറ്റ് 2-6 ന് സ്വന്തമാക്കി കളിയുടെ ഗതി മാറ്റാന്‍ ശ്രമിച്ചെങ്കിലും നാലാം സെറ്റില്‍ കാലിടറി. 6-4 ന് സെറ്റും റൗണ്ടും സ്വന്തമാക്കി അലക്‌സീ നാലാം റൗണ്ടിലേക്ക് കടന്നു.

25-ാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന ജോക്കോവിച്ചിന്റെ സ്വപ്‌നമാണ് അലക്‌സീ ഇല്ലാതാക്കിയത്. ഈ നേട്ടം സ്വന്തമാക്കിയിരുന്നെങ്കില്‍ ടെന്നീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ജോക്കോവിച്ചിന്റെ പേരിലാകുമായിരുന്നു. നിലവില്‍ മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പം 24 ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന നേട്ടത്തിലാണ് ജോക്കോവിച്ചുള്ളത്. ഇനിയൊരു സീസണ്‍ ജോക്കോവിച്ചിന് മുന്നിലുണ്ടോ എന്നതിലും ആരാധകര്‍ക്ക് ആശങ്കയുണ്ട്.

SCROLL FOR NEXT