NEWSROOM

മുംബൈ ഭീകരാക്രമണം: തഹാവൂർ റാണ നിർദേശം നൽകിയത് ഫോണിലൂടെ? ശബ്ദ സാമ്പിൾ ശേഖരിക്കാനൊരുങ്ങി NIA

ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഫോൺ കാൾ റെക്കോഡുകൾ പരിശോധിക്കുന്നതിൻ്റെ ഭാ​ഗമായാണ് റാണയുടെ ശബ്ദരേഖ ശേഖരിക്കാൻ ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

മുംബൈ ഭീകരാക്രമണ കേസ് അന്വേഷണത്തിൻ്റെ ഭാ​ഗമായി പ്രതി തഹാവൂർ റാണയുടെ ശബ്ദരേഖ ശേഖരിക്കാനൊരുങ്ങി എൻഐഎ. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഫോൺ കാൾ റെക്കോഡുകൾ പരിശോധിക്കുന്നതിൻ്റെ ഭാ​ഗമായാണ് റാണയുടെ ശബ്ദരേഖ ശേഖരിക്കാൻ ഒരുങ്ങുന്നത്. റാണയുടെ കോൾ റെക്കോർഡുമായി ശബ്ദ സാമ്പിൾ ഒത്തുനോക്കിയാൽ, 2008 നവംബറിൽ മുംബൈയിൽ 166 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുന്നതിനായി അയാൾ ഫോണിൽ സംസാരിച്ചിരുന്നോ എന്ന് കണ്ടെത്താൻ കഴിയും.

എന്നാൽ, ശബ്ദ സാമ്പിൾ ശേഖരിക്കാൻ റാണയുടെ സമ്മതം ആവശ്യമാണ്. അദ്ദേഹം വിസമ്മതിച്ചാൽ, എൻ‌ഐ‌എയ്ക്ക് കോടതിയിൽ അതിനുള്ള അനുമതിക്കായി അപേക്ഷിക്കാം. എന്നാൽ, സാമ്പിൾ സമർപ്പിക്കാൻ വിസമ്മതിക്കുന്നത് കുറ്റപത്രത്തിൽ പരാമർശിക്കപ്പെടുകയും ഇത് വിചാരണ ഘട്ടത്തിൽ പ്രശ്‌നമുണ്ടാക്കാനും സാധ്യതയുണ്ട്. അനുമതി നൽകിയാൽ, സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി വിദഗ്ധർ എൻ‌ഐ‌എ ആസ്ഥാനത്ത് വന്ന് ശബ്ദരഹിതമായ ഒരു മുറിയിൽ നിന്ന് റാണയുടെ ശബ്ദ സാമ്പിളുകൾ എടുക്കും. യുഎസിൽ നിന്ന് ന്യൂ ഡൽഹിയിൽ എത്തിച്ച റാണയെ സിജിഒ കോംപ്ലക്സിനുള്ളിലെ എൻഐഎ ആസ്ഥാനത്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, കേരളത്തിലേക്കുള്ള യാത്ര അന്വേഷിക്കുന്ന സംഘത്തിൽ കൊച്ചിയിൽ നിന്നുള്ള എട്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിരുന്നു. റാണ താമസിച്ചിരുന്ന കൊച്ചി താജ് റസിഡൻസിയിൽ റിക്രൂട്ട്മെൻ്റിന് മുന്നോടിയായി ഇൻ്റർവ്യൂ നടന്നതായാണ് കണ്ടെത്തൽ. കൊച്ചിയിൽ റാണയ്ക്ക് സഹായം നൽകിയവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.. സഹായം നൽകിയ വ്യക്തി വിദേശത്തേക്ക് കടന്നതായാണ് പ്രാഥമിക നിഗമനം. റാണയെ ഏപ്രിൽ 28ന് ശേഷമെ കൊച്ചിയിൽ എത്തിക്കുകയുള്ളൂ. മറൈൻ ഡ്രൈവിലെ താജ് ഹോട്ടലിൽ സംഘം പരിശോധന നടത്തും. റാണ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയ വിവരങ്ങൾ അടിസ്ഥാനത്തിലാണ് കൊച്ചി കേന്ദ്രീകരിച്ച് ഉള്ള അന്വേഷണം.

മുംബൈ ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, 2008 നവംബ‍ർ 16നാണ് റാണ കൊച്ചിയിൽ എത്തിയത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ താമസിച്ച റാണ തന്ത്രപ്രധാന പലയിടങ്ങളും സന്ദർശിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്‍റെ പ്രഥമിക കണ്ടെത്തല്‍. എന്നാല്‍ ഇയാള്‍ ആരൊക്കെയുമായാണ് കൂടിക്കാഴ്ച നടത്തിയതെന്നോ എന്തിനാണ് കൊച്ചിയില്‍ എത്തിയതെന്നോ സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎക്കോ കേരളാ പൊലീസനോ കണ്ടെത്താനായിട്ടില്ല. തഹാവൂർ റാണ താമസിച്ചിരുന്ന കൊച്ചി താജ് റസിഡൻസിയിൽ റിക്രൂട്ട്മെൻ്റിന് മുന്നോടിയായുള്ള ഇൻ്റർവ്യൂ നടന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തൽ. 2008 നവംബർ 16, 17 തിയതികളിൽ ഹോട്ടലിൽ എത്തിയവരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും.


SCROLL FOR NEXT