NEWSROOM

ഇഎംഎസിനു ശേഷം കേരളത്തില്‍ നിന്നൊരു ജനറല്‍ സെക്രട്ടറി; സിപിഐഎമ്മിനെ നയിക്കാന്‍ എം.എ ബേബി

പുതിയ കാലത്തു സിപിഐഎമ്മിന്റെ പാര്‍ട്ടിലൈന്‍ വരയ്ക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പുതിയ ജനറല്‍ സെക്രട്ടറിക്കു മുന്നിലുള്ളത്

Author : ന്യൂസ് ഡെസ്ക്

പ്രാക്കുളം എന്‍എസ്എസ് ഹൈസ്‌കൂളില്‍ ആരംഭിച്ച എം.എ ബേബിയുടെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനമാണ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തി നില്‍ക്കുന്നത്. വിഭാഗീയത കൊടികുത്തി വാണകാലത്തും സംയമനത്തോടെ നടത്തിയ ഇടപെടലുകളാണ് എം.എ ബേബിയെ എല്ലാവര്‍ക്കും സ്വീകാര്യനാക്കിയത്.


ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറി പദവയില്‍ എത്തുന്ന ആദ്യ മലയാളി. എം എ ബേബിക്ക് പെട്ടെന്നു ലഭിക്കുന്ന വിശേഷണം ഇങ്ങനെയാണെങ്കിലും ഇഎംഎസിനൊപ്പം ആരംഭിച്ചതാണ് ബേബിയുടെ ഡല്‍ഹി പ്രവര്‍ത്തനം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഇഎംഎസ് ചുമതലയേൽക്കുന്നത് 1978ലാണ്. അതേ വര്‍ഷം തന്നെയാണ് എസ്എഫ്‌ഐയുടെ പട്ന സമ്മേളനം ബേബിയെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. 1984 വരെ ആറുവര്‍ഷം എസ്എഫ്‌ഐയെ രാജ്യത്തു നയിച്ച ശേഷം ബേബിയില്‍ നിന്ന് ആ സ്ഥാനം ഏറ്റെടുത്തത് കഴിഞ്ഞവര്‍ഷം വിടവാങ്ങിയ സീതാറാം യെച്ചൂരിയും.


യെച്ചൂരിക്ക് പ്രസിഡൻ്റ് സ്ഥാനം കൈമാറിയപ്പോള്‍ അവസാനിച്ചില്ല ബേബിയുടെ ഡല്‍ഹി ചുമതല. ചെറിയ ഇടവേളയ്ക്കു ശേഷം ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി ബേബി ഡല്‍ഹിയിലെത്തി. ഇ.പി ജയരാജനും എം. വിജയകുമാറിനും പിന്നാലെ ഡിവൈഎഫ്‌ഐ അമരത്തെത്തിയ ബേബി 1995 വരെ എട്ടുവര്‍ഷമാണ് ആ ചുമതല വഹിച്ചത്. അപ്പോഴേക്കും ഇഎംഎസ് ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങിയിരുന്നു.

ഇഎംഎസ്, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി. ഈ നാലു ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തിച്ച പാരമ്പര്യമാണ് എം.എ. ബേബിയുടെ കൈമുതല്‍. പി.എം അലക്‌സാണ്ടറുടേയും ലില്ലിയുടെയും മകന്‍ ചെറുപ്രായം മുതല്‍ വളര്‍ന്നുവന്നത് കമ്യൂണിസ്റ്റ് സാഹചര്യങ്ങളിലാണ്. കൊല്ലം എസ്എന്‍ കോളജിലൂടെ സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം സംസ്ഥാന ശ്രദ്ധയില്‍ എത്തുന്നത് അരനൂറ്റാണ്ടു മുന്‍പ് 1975ലാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നു പുലര്‍ച്ചെ തിരുവനന്തപുരത്ത് പ്രകടനം നടത്തിയതിന് അറസ്റ്റിലായ ബേബി ക്രൂരമായ പൊലീസ് മര്‍ദനത്തിന് ഇരയായി. പിന്നീട് എസ്എഫ്‌ഐയുടേയും ഡിവൈഎഫ്‌ഐയുടേയും വളര്‍ച്ചയുടെ കാലത്ത് നിരവധി പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കിയതും ബേബിയായിരുന്നു.


പറഞ്ഞ വാക്കുപാലിക്കാന്‍ ഏതറ്റം വരെയും പോകും എന്നതാണ് എം.എ ബേബിയെ ഇക്കാലത്ത് വേറിട്ട നേതാവാക്കുന്നത്. കുണ്ടറ എംഎല്‍എ ആയിരിക്കുമ്പോഴായിരുന്നു കൊല്ലം പാര്‍ലമെന്റ് സീറ്റിലേക്കുള്ള മത്സരം. തോറ്റാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കും എന്നായിരുന്നു ബേബിയുടെ പ്രഖ്യാപനം. പോളിറ്റ് ബ്യൂറോ അംഗമായ ബേബി അന്ന് എന്‍.കെ പ്രേമചന്ദ്രനോട് തോറ്റു. രാജിവയ്ക്കുകയാണെന്നു പാര്‍ട്ടിയെ അറിയിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും അതു തള്ളി. ദിവസങ്ങളോളം വിട്ടുനിന്ന ശേഷമാണ് ബേബി നിയമസഭയില്‍ പിന്നീട് ഹാജരായത്.


ഡല്‍ഹിയിലെ പ്രവര്‍ത്തനമാണ് ബേബിയെ സാംസ്‌കാരിക രംഗത്തും ശ്രദ്ധേയനായ നേതാവാക്കിയത്. പാര്‍ട്ടി പരിപാടികള്‍ക്കൊപ്പം കൊണ്ടുനടന്ന സ്വരലയ എന്ന സാംസ്‌കാരിക സംഘടന ഉയര്‍ന്ന നിലവാരമുള്ള കലാപരിപാടികള്‍ അവതരിപ്പിച്ചാണ് വേറിട്ട വഴി തുറന്നത്. രാജ്യത്തേയും വിദേശത്തേയും മികച്ച കലാകാരന്മാരെല്ലാം സ്വരലയയുടെ ഭാഗമായി. വിഎസ് സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ നിരവധി മാറ്റങ്ങള്‍ക്കു തുടക്കമിട്ടു. അതോടൊപ്പം മതമില്ലാത്ത ജീവന്‍ തുടങ്ങിയ പാഠഭാഗങ്ങള്‍ വിവാദമാവുകയും ചെയ്തു.


ഇഎംഎസോ ഹര്‍കിഷന്‍ സിങ്ങോ നയിച്ച കാലത്തെ പാര്‍ട്ടിയല്ല എം.എ ബേബിയുടെ കൈകളില്‍ എത്തിയിരിക്കുന്നത്. പ്രകാശ് കാരാട്ട് ലൈന്‍ നേതാക്കളില്‍ നിന്ന് എം.എ ബേബിക്കുള്ള വ്യത്യാസം ജനകീയ അടിത്തറയാണ്. 12 വര്‍ഷം രാജ്യസഭയിലും 10 വര്‍ഷം നിയമസഭയിലും അംഗമായിരുന്നയാളാണ് ജനറല്‍ സെക്രട്ടറിയാകുന്നത്. സംഘടനാ സംവിധാനത്തിനൊപ്പം പാര്‍ലമെന്ററി സംവിധാനവും മനഃപാഠമായയാള്‍. സാധാരണക്കാരായ പാര്‍ട്ടിക്കാരുമായുള്ള ബന്ധം ബംഗാളിലും ത്രിപുരയിലുമുള്‍പ്പെടെ മാറ്റത്തിനു വഴിവയ്ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.


ജനാധിപത്യവും മതേതരത്വവും ഏറ്റവും വെല്ലുവിളി നേരിടുന്ന കാലത്താണ് രാജ്യത്തെ വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നായകനായി എം എ ബേബി എത്തുന്നത്. ഇനി ബേബി മറുപടി നല്‍കേണ്ടത് നരേന്ദ്രമോദിയും അമിത് ഷായും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കാണ്. രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ചേര്‍ത്തു നിര്‍ത്തുമോ, സമദൂരത്തില്‍ നിര്‍ത്തുമോ എന്നാണ് അറിയാനുള്ളത്. പുതിയ കാലത്തു സിപിഐഎമ്മിന്റെ പാര്‍ട്ടിലൈന്‍ വരയ്ക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പുതിയ ജനറല്‍ സെക്രട്ടറിക്കു മുന്നിലുള്ളത്.

SCROLL FOR NEXT