NEWSROOM

രണ്ട് മാസമായി പണം കിട്ടിയിട്ട്, ആത്മഹത്യയിലേക്ക് തള്ളിവിടുന്നു; സര്‍ക്കാരിനെതിരെ കര്‍ഷക കൂട്ടായ്മ

കടുത്ത ദുരിതത്തിലാണ് അപ്പർകുട്ടനാട്ടിലെ നെൽകർഷർ

Author : ന്യൂസ് ഡെസ്ക്

നെല്ല് സംഭരണത്തില്‍ സര്‍ക്കാരിനെതിരെ അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷക കൂട്ടയ്മ. സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ തുക രണ്ട് മാസമായിട്ടും നല്‍കിയില്ല. ഇതില്‍ മന്ത്രിയുടെ ഉറപ്പും പാഴായതോടെയാണ് പ്രതിഷേധം അപ്പര്‍ കുട്ടനാട്ടിലെ നെല്‍ കര്‍ഷര്‍ ശക്തമാക്കിയത്.

കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അവഗണനയെന്ന് അപ്പര്‍കുട്ടനാട് സ്വതന്ത്ര നെല്‍കര്‍ഷക കൂട്ടായ്മ ആരോപിച്ചു. സപ്ലൈകോ വഴി സംരഭിച്ച നെല്ലിന്റെ പണം നല്‍കിയിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ നെല്ലിന്റെ പണം പോലും പലര്‍ക്കും കിട്ടാനുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. പിആര്‍എസ് എന്ന തട്ടിപ്പ് വഴി നെല്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സ്വതന്ത്ര നെല്‍ക്കര്‍ഷക കൂട്ടായ്മ ആരോപിക്കുന്നു.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ അപ്പര്‍ കുട്ടനാടന്‍ മേഖലകളിലെ കര്‍ഷകരാണ് സര്‍ക്കാര്‍ അവഗണനയുടെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. സപ്ലൈകോ വഴി നെല്ല് കൊടുത്ത് രണ്ടു മാസം കഴിഞ്ഞിട്ടും പണം എന്ന് ലഭിക്കുമെന്ന് അറിയില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ പിആര്‍എസുമായി കര്‍ഷകര്‍ ദിവസവും ബാങ്കുകള്‍ കയറി ഇറങ്ങുകയാണ്. 

സംഭരിച്ച നെല്ലിന്റെ മുഴുവന്‍ തുകയും അടിയന്തരമായി നല്‍കുക, ഉഷ്ണ തരംഗത്തില്‍ കൃഷിനാശം സംഭവിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുക, 2022 -23 വര്‍ഷത്തില്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ബണ്ട് പുനര്‍ നിര്‍മ്മിച്ചതിന്റെ നഷ്ട പരിഹാരത്തുക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം..

SCROLL FOR NEXT