NEWSROOM

അഗ്നിവീർ പദ്ധതി നിർത്തലാക്കണം; ആവശ്യവുമായി സൈനികൻ്റെ കുടുംബം

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട അഗ്നിവീർ അജയ്‌കുമാറിന് ഇന്ത്യൻ സൈന്യത്തിൽ നിന്ന് ഹീറോ പദവി നൽകണമെന്ന ആവശ്യവുമായി കുടുംബം

Author : ന്യൂസ് ഡെസ്ക്

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട അഗ്നിവീർ അജയ്‌കുമാറിന് ഇന്ത്യൻ സൈന്യത്തിൽ നിന്ന് ഹീറോ പദവി നൽകണമെന്ന ആവശ്യവുമായി കുടുംബം. നഷ്ടപരിഹാരമായി ലഭിച്ച തുക അജയ്‌കുമാറിൻ്റെ ജീവന് പകരമാകില്ല. അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്നും കൊല്ലപ്പെടുന്ന സൈനികർക്ക് പെൻഷനും കാൻ്റീൻ കാർഡും ലഭ്യമാക്കണമെന്നുമാണ് കുടുംബത്തിൻ്റെ ആവശ്യം. 2022ലാണ് ഇന്ത്യയിൽ അഗ്നിവീർ സ്കീം ആരംഭിക്കുന്നത്. സായുധ സേനയിലേക്ക് ഹ്രസ്വ കാലയളവിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതാണ് അഗ്നിവീർ സ്കിം.

സേവനങ്ങളിലുടനീളം സൈനികരുടെ പ്രായപരിധി കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അഗ്നിവീരന്മാർ എന്നറിയപ്പെടുന്ന വ്യക്തികൾ സേവനത്തിനിടയിൽ മരണപ്പെട്ടാൽ പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയില്ല.എന്നാൽ ഡ്യൂട്ടിക്കിടെ മരിക്കുന്ന അഗ്നിവീരന്മാരുടെ കുടുംബങ്ങൾക്ക് സാധാരണ സൈനികരുടെ കുടുംബത്തിന് നൽകുന്ന ആനുകൂല്യങ്ങൾക്ക് സമാനമായ ആനുകൂല്യങ്ങൾ ലഭിക്കണമെന്ന് നേരത്തെ ശുപാർശ ചെയ്തിരുന്നുവെങ്കിലും ചർച്ച ചെയ്യപ്പെടുകയല്ലാതെ മറ്റൊന്നുമുണ്ടായില്ല.

എന്നാൽ കുടുംബത്തിന് ലഭിക്കേണ്ട തുക ലഭിച്ചില്ലെന്ന് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ സൈന്യം നിഷേധിച്ചു. അഗ്നിവീർ അജയ്‌കുമാറിൻ്റെ കുടുംബത്തിന് 98 ലക്ഷത്തോളം രൂപ കൈമാറിയതായി സ്ഥിരീകരിച്ചു. അഗ്നിവീർ സ്കീമിനെ അടിസ്ഥാനമാക്കിയുള്ള തുക നൽകിയിട്ടുണ്ടന്നും ,അഗ്നിവീർ അജയ്‌കുമാറിൻ്റെ പരമോന്നത ത്യാഗത്തിന് ഇന്ത്യൻ സൈന്യം അഭിവാദ്യം അർപ്പിക്കുന്നതായും സൈന്യം അറിയിച്ചു.

അഗ്നിവീര്‍ അജയ് കുമാറിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ല എന്ന ആരോപണവുമായി  രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അ​ഗ്നിവീ‍ർ അജയ് കുമാറിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകി എന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ പാർലമെൻ്റിലെ അവകാശവാദം വ്യാജമാണെന്ന് പറഞ്ഞ് രാഹുൽ ​ഗാന്ധി എക്സിൽ വീഡിയോ പങ്കുവെച്ചത്. എന്നാൽ, മണിക്കൂറുകൾക്കകം വിഷയം തള്ളി ഇന്ത്യൻ ആർമി രം​ഗത്തെത്തിയിരുന്നു.

SCROLL FOR NEXT