നിര്‍ദിഷ്ട എരുമേലി ശബരി വിമാനത്താവളം സ്ഥലമെടുപ്പിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനം ആരംഭിച്ചു. കൊച്ചി ഭാരതമാതാ കോളേജ് സാമൂഹ്യശാസ്ത്ര ഡിപ്പാർട്ട്‌മെൻ്റിൻ്റെ നേതൃത്വത്തിലാണ് പഠനം. സമൂഹികാഘാത പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം പുറത്തിറക്കുക.
നിർദിഷ്ട ശബരി വിമാനത്താവളത്തിനായി എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നാണ് സർക്കാർ പ്രാഥമിക വിജ്ഞാപനം പുറത്തിറക്കിയത്. ഇതിൻ്റെ ഭാഗമായാണ് സാമൂഹിക ആഘാത പഠനം. തൃക്കാക്കര ഭാരതമാതാ കോളജ് സാമൂഹ്യശാസ്ത്ര വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആണ് പഠനം നടത്തുന്നത്. പ്രദേശത്ത് വിമാനത്താവളത്തിന് പ്രതികൂലമായ ഭൂസ്ഥിതി, നിർമ്മാണങ്ങൾ, മറ്റ് തടസ്സങ്ങൾ എന്നിവയെ പറ്റി സംഘം പഠനം നടത്തും.
വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ടവരെ നേരില്‍ കണ്ട് പ്രതികരണങ്ങളും നിലപാടുകളും ആരായും. പ്രദേശത്തിന്‍റെ വികസനത്തിന് വിമാനത്താവളം വഴി തെളിക്കുമോ എന്നതടക്കമുള്ള ഘടകങ്ങളും പരിശോധിക്കും. തുടര്‍ന്ന് പ്രദേശവാസികളുടെ യോഗം വിളിച്ചു ചേർക്കും. മൂന്ന് മാസത്തിനകം പഠന റിപ്പോർട്ട് സർക്കാരിന് കൈമാറും. റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും സ്ഥലമേറ്റെടുപ്പിനുള്ള അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കുക.