NEWSROOM

മൃഗങ്ങളുടെയും വികാരങ്ങൾ അറിയാം; കർഷകരെ സഹായിക്കാൻ AI ആൽഗരിതം

മൃഗങ്ങളുടെ ശബ്ദത്തിലൂടെ അവയുടെ വികാരങ്ങൾ കണ്ടെത്താനാകുമോ എന്നാണ് ശാസ്ത്രജ്ഞർ പഠന വിഷയമാക്കിയത്

Author : ന്യൂസ് ഡെസ്ക്

മനുഷ്യരുടെ ശബ്ദത്തിലൂടെയും ഭാവങ്ങളിലൂടെയും വികാരങ്ങൾ മനസിലാക്കാനാകുന്നത് പോലെ മൃഗങ്ങളിലും ഇത് സാധ്യമാകുമെന്ന് പഠനം. യൂറോപ്യൻ ശാസ്ത്രജ്ഞർ കണ്ടുപിടിച്ച എഐ ആൽഗരിതമാണ് മൃഗങ്ങളുടെ വികാരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നത്. പന്നികളിലാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്.

മൃഗങ്ങളുടെ ശബ്ദത്തിലൂടെ അവയുടെ വികാരങ്ങൾ കണ്ടെത്താനാകുമോ എന്നാണ് ശാസ്ത്രജ്ഞർ പഠന വിഷയമാക്കിയത്. യൂറോപ്യൻ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ പഠനമാണ് ഇതിന് സാധ്യമാകുമെന്ന് തെളിയിച്ചത്. വിശാലമായ ഫാമുകളിലും ഇടുങ്ങിയ ഫാമുകളിലും തുടങ്ങി വ്യത്യസ്ത സാഹചര്യങ്ങളിൽ വളരുന്ന പന്നികളെയാണ് പഠനത്തിന് ഉപയോഗിച്ചത്.

ജീവിത രീതികളും സാഹചര്യങ്ങളും മാറുന്നതനുസരിച്ച് വികാരങ്ങളും മാറുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ഇവയുടെ വികാരങ്ങൾ മാറുന്നത് മനസിലാക്കി സൗകര്യങ്ങളിൽ മാറ്റം വരുത്തി ക്ഷേമം മെച്ചപ്പെടുത്താൻ കർഷകർക്ക് സാധിക്കുമെന്ന് കോപ്പൻഹേഗൻ സർവകലാശാലയിലെ ബിഹേവിയറൽ ബയോളജിസ്റ്റ് എലോഡി മെണ്ടൽ-ബ്രീഫർ പറയുന്നു.

ഡെന്മാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് , നോർവെ, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഒറ്റയ്ക്കും കൂട്ടായും വ്യത്യസ്ത സാഹചര്യങ്ങളിൽ പന്നികൾ പുറപ്പെടുവിച്ച ആയിരക്കണക്കിന് ശബ്ദങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. അതേസമയം, കർഷകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ശബ്ദങ്ങളിലൂടെ വികാരം മനസിലാക്കാൻ സാധിക്കുമെന്നും, എന്നാൽ അതിന് ഒരു അളവുകോൽ ആകുക മാത്രമാണ് ഈ സംവിധാനമെന്നും ശാസ്ത്രജ്ഞൻ വ്യക്തമാക്കുന്നു.

വിശാലമായ ഫാമുകളിലും വൃത്തിയില്ലാത്ത സാഹചര്യങ്ങളിലും ജീവിക്കുന്ന പന്നികൾക്ക് ആന്തരിക പിരിമുറുക്കം കുറവായിരിക്കുമെന്നാണ് പഠനം. ഈ രീതിയെ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ നിർമിക്കുന്നതോടെ ഇവയുടെ ഓരോ വികാരവും കർഷകർക്ക് മനസിലാക്കാനാകും.

SCROLL FOR NEXT