NEWSROOM

'ഉപാധികളില്ലാതെ'; സ്റ്റാലിനെ എതിരിടാന്‍ ബിജെപിയുമായി വീണ്ടും കൈകോർത്ത് എഐഎഡിഎംകെ

1998മുതൽ ബിജെപിയുമായി സഖ്യമുണ്ടായിരുന്ന അണ്ണാ ഡിഎംകെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപാണ് സഖ്യം ഉപേക്ഷിച്ചത്

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട്ടിൽ എഐഎഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ച് ബിജെപി. 2026 നിയമസഭ തെരഞ്ഞെടുപ്പിൽ എടപ്പാടി കെ. പളനിസ്വാമി (ഇപിഎസ്) സഖ്യത്തെ നയിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. എഐഎഡിഎംകെ, എൻഡിഎ സഖ്യത്തിൽ ചേരുന്നത് ഉപാധികളില്ലാതെയാണ്. എടപ്പാടി പളനി സ്വാമിയുടെയും കെ. അണ്ണാമലൈയുടെയും സാന്നിധ്യത്തിലായിരുന്നു സഖ്യ പ്രഖ്യാപനം.


1998-ൽ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ നേതൃത്വത്തിൽ ബിജെപിയും എഐഎഡിഎംകെയും ചേർന്ന് സഖ്യം രൂപീകരിച്ചപ്പോൾ ലോക്‌സഭയിൽ നേടിയ വൻ വിജയത്തെക്കുറിച്ച് അമിത് ഷാ ഓർമ്മിപ്പിച്ചു. ഒരു ഘട്ടത്തിൽ ബിജെപി-എഐഎഡിഎംകെ സഖ്യം 39 ലോക്‌സഭാ സീറ്റുകളിൽ 30 എണ്ണവും നേടിയിരുന്നു. തമിഴ്‌നാട്ടിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ‌ഡി‌എ) സുഖകരമായി വിജയിക്കുമെന്നും ഷാ പറഞ്ഞു. സഖ്യത്തിന്‍റെ പ്രവർത്തനം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് , എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടില്ലെന്നായിരുന്നു മറുപടി.

Also Read: നൈനാർ നാ​ഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ്യക്ഷന്‍; ഔദ്യോഗിക പ്രഖ്യാപനം നാളെ

1998മുതൽ ബിജെപിയുമായി സഖ്യമുണ്ടായിരുന്ന അണ്ണാ ഡിഎംകെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപാണ് സഖ്യം ഉപേക്ഷിച്ചത്. അണ്ണാമലൈ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് തമിഴ്നാട്ടിൽ വീണ്ടും അണ്ണാ ഡിഎംകെ - ബിജെപി സഖ്യം സാധ്യമായത്. ബിജെപിയുമായി വീണ്ടും സഖ്യത്തിലേർപ്പെടുന്നതിന് കെ. അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് എഐഎഡിഎംകെ തലവന്‍ എടപ്പാടി കെ. പളനിസ്വാമി ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. കഴിഞ്ഞ മാസം, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയിൽ അണ്ണാമലൈയെ പാർട്ടി സ്റ്റേറ്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന വ്യവസ്ഥ പളനി സ്വാമി മുന്നോട്ട് വച്ചതായാണ് റിപ്പോർട്ട്. എൻഡിഎയുടെ ഭാ​ഗമായിരുന്ന എഐഎഡിഎംകെ അണ്ണാമലൈയോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2023ലാണ് സഖ്യം വിട്ടത്. സഖ്യത്തിൽ നിന്ന് പിന്മാറിയ ശേഷം രൂക്ഷമായ ഭാഷയിലാണ് അണ്ണാമലൈ എഐഎഡിഎംകെയെ വിമർശിച്ചത്. മാത്രമല്ല, സഖ്യത്തിലേക്ക് എഐഎഡിഎംകെ എത്തുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യവെയ്ക്കുന്ന ഇപിഎസിന് നേരിട്ടുള്ള വെല്ലുവിളിയും ആകുമായിരുന്നു അണ്ണാമലൈ.



തമിഴ്നാട് നിയമസഭയില്‍ ശക്തമായ സാന്നിധ്യമാകണമെങ്കില്‍ എഐഎഡിഎംകെ സഖ്യം അനിവാര്യമാണെന്ന തിരിച്ചറിവിന്‍റെ പുറത്താകണം സംസ്ഥാന നേതൃത്വത്തില്‍ ബിജെപി  അഴിച്ചുപണി നടത്തിയത്. അണ്ണാമലൈക്ക് പകരമായി പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നത് ബിജെപി നിയമസഭാ കക്ഷി നേതാവും മുൻ മന്ത്രിയുമായ (എഐഎഡിഎംകെ) നൈനാർ നാഗേന്ദ്രനാണ്. പാർട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൈനാർ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്നാണ് സൂചന. എഐഎഡിഎംകെ വിട്ട നൈനാർ 2017ലാണ് ബിജെപിയിലെത്തുന്നത്. അണ്ണാമലൈ ബിജെപി ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്നാണ് അമിത് ഷാ അറിയിച്ചിരിക്കുന്നത്.

SCROLL FOR NEXT