ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒരറിയിപ്പുണ്ടാകും വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ. ഒഫീഷ്യൽ എക്സ് പോസ്റ്റിലൂടെയാണ് എയർ ഇന്ത്യയുടെ പ്രഖ്യാപനം. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കി.
സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും, ഇതിനകം ടെൽ അവീവിലേക്കും തിരിച്ചും വിമാനങ്ങൾ ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുന്നതടക്കം യാത്രക്കാർക്ക് എല്ലാ പിന്തുണയും നൽകുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ ന്യൂഡൽഹിയിൽ നിന്ന് ഇസ്രയേലിലേക്ക് ആഴ്‌ചയിൽ അഞ്ച് വിമാനങ്ങൾ ആണ് സർവീസ് നടത്തുന്നത്
ALSO READ: ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ ചർച്ചക്ക് തയ്യാറെന്ന് ഇസ്രയേൽ
സംഘർഷ സാഹചര്യം കണക്കിലെടുത്ത് ആഗസ്റ്റ് എട്ട് വരെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിയതായി എയർ ഇന്ത്യ ആഗസ്റ്റ് രണ്ടിന് അറിയിച്ചിരുന്നു. ജൂലൈ 31 ന് ഇറാനിൽ വച്ച് ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതിനു ശേഷം മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘർഷം വർധിച്ച സാഹചര്യത്തിലാണ് നടപടി.