NEWSROOM

ഗാസയിൽ വീണ്ടും 'കൂട്ടക്കുരുതി'; ജനവാസ മേഖലയിലെ ഇസ്രയേൽ ആക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു

ഇസ്രയേൽ സൈന്യം സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച പ്രദേശമാണിത്

Author : ന്യൂസ് ഡെസ്ക്

ഗാസയിലെ ജനവാസ മേഖലയിൽ അപ്രതീക്ഷിതമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. ഇസ്രയേലിൻ്റെ വ്യോമാക്രമണത്തിൽ 71 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖാൻ യൂനിസിലെ ജനനിബിഡമായ അൽ-മവാസി മേഖലയിലാണ് ഞെട്ടിക്കുന്ന ആക്രമണം ഉണ്ടായത്. ഇസ്രയേൽ സൈന്യം പലസ്തീൻ അഭയാർഥികൾക്ക് താമസിക്കാനായി സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച ഇടമാണിത്.

അക്രമ പരമ്പരയിൽ 289 പേർക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരേയും മരിച്ചവരേയും നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 'വലിയ കൂട്ടക്കൊല'യെന്നാണ് ഹമാസിൻ്റെ നേതൃത്വത്തിലുള്ള ഗാസ സർക്കാർ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ടവരിൽ സിവിൽ എമർജൻസി സർവീസ് അംഗങ്ങളും ഉൾപ്പെടുന്നുവെന്ന് ഹമാസ് അവകാശപ്പെടുന്നു. 

ഇസ്രയേൽ സൈന്യം സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച ഖാൻ യൂനിസ് മേഖലയിൽ ലക്ഷക്കണക്കിന് പലസ്തീനികളാണ് അഭയം തേടിയെത്തിയത്.  വെടിനിർത്തൽ കരാറിലെത്താൻ ഇസ്രയേലിന് താൽപര്യമില്ലെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ഈ ആക്രമണം. മുതിർന്ന ഹമാസ് നേതാവും, സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡിൻ്റെ തലവനുമായ, മുഹമ്മദ് ഡീഫിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ വാദം. ഹമാസ് ഭീകരർ മാത്രമുള്ളതും സാധാരണക്കാരില്ലാത്തതുമായ ഒരു തുറന്ന പ്രദേശത്താണ് ആക്രമണമെന്നും സൈന്യം അവകാശപ്പെട്ടു.

എന്നാൽ, ഇസ്രയേൽ വാദങ്ങളെ ഹമാസ് പൂർണമായി തള്ളി. പലസ്തീൻ നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെടുന്നത് ഇതാദ്യമായല്ല. പിന്നീട് അത് തെറ്റാണെന്ന് തെളിയിക്കപ്പെടുമെന്നും ഹമാസ് വ്യക്തമാക്കി.

SCROLL FOR NEXT