NEWSROOM

അ .. എന്ന ആദ്യാക്ഷരം അതിജീവനമാക്കി അജേഷ്; പുസ്തകവണ്ടിയുമായി സഞ്ചരിക്കുന്ന അധ്യാപകന്‍

2001 ൽ പാലക്കാട് വിക്ടോറിയ കോളേജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയായിരിക്കുമ്പോഴാണ് അജേഷിന് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഇന്ന് ദേശീയ അധ്യാപക ദിനം. അ .. എന്ന ആദ്യാക്ഷരം അതിജീവനമാക്കിയ ഒരു അധ്യാപകനുണ്ട് പാലക്കാട്. കോട്ടായില്‍ സ്വദേശി അജേഷ്. കഴിഞ്ഞ 24 വർഷമായി ക്യാൻസറിനോട് പൊരുതി ജീവിക്കുകയാണ് അജേഷ്. അധ്യാപനത്തോടൊപ്പം,  അവധി ദിവസങ്ങളിൽ  പുസ്തകവണ്ടിയുമായി വായനയുടെ നന്മ പടർത്താനിറങ്ങും ഈ അധ്യാപകന്‍.

2001 ൽ പാലക്കാട് വിക്ടോറിയ കോളേജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയായിരിക്കുമ്പോഴാണ് അജേഷിന് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്. പിന്നീട് തിരുവനന്തപുരം ശ്രീചിത്രയിലും, ഡൽഹി എയിംസിലുമായി ചികിത്സ. എട്ട് ശസ്ത്രക്രിയകൾ കഴിഞ്ഞു, റേഡിയേഷനും. ആരും തളർന്ന് പോകുന്ന അവസ്ഥ. പക്ഷേ അജേഷ്, അവിടെ നിന്നും അതിജീവനത്തിനായുള്ള പോരാട്ടം ആരംഭിച്ചു. 

ALSO READ: അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് കോടി തട്ടിയ യുവതി പിടിയില്‍

അഞ്ച് വർഷം കൊണ്ട് ഡിഗ്രി പൂർത്തിയാക്കി. എംബിഎ പാസായി. മൂന്നു വർഷം കൊണ്ട് ബിഎഡും സ്വന്തമാക്കി. ഇപ്പോള്‍ നാലുവർഷമായി കോട്ടായി ഗവ. യുപി സ്ക്കൂളിൽ അധ്യാപകനാണ്. അധ്യാപനം അജേഷിന് തൊഴിൽ മാത്രമല്ല. അതിജീവനത്തിനുള്ള മരുന്നു കൂടിയാണ്. 

ALSO READ: ഇടുക്കി പീരുമേട്ടിൽ യുവാവിന്‍റെ മരണം കൊലപാതകം; ഇന്ന് അറസ്റ്റ് നടക്കാനുള്ള സാധ്യത തള്ളാതെ പൊലീസ്


35 ലക്ഷത്തോളം രൂപ ചികിത്സക്കായി അജേഷ് ചെലവഴിച്ചിട്ടുണ്ട്. ഇതിൽ 25 ലക്ഷവും നാട്ടുകാർ പിരിവെടുത്ത് നൽകിയതാണ്. തന്നെ ചേർത്തു നിർത്തിയ നാടിനോടുള്ള സ്നേഹമാണ് അജേഷിൻ്റെ പുസ്തകവണ്ടി. അച്ഛൻ്റെ പേരിലുള്ള അപ്പുണ്ണി ഏട്ടൻ വായനശാലയിലെ പുസ്തകങ്ങൾ വായനക്കാർക്കായി അജേഷ് വീടുകളിലെത്തിച്ചു നൽകും. കഴിഞ്ഞ നാലുവർഷമായി ഇത് തുടരുകയാണ്. അവധി ദിവസങ്ങളിൽ വായനയുടെ അത്ഭുതലോകം സമ്മാനിച്ച്, അജേഷ് തന്‍റെ സുന്ദരമായ ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നു.

SCROLL FOR NEXT