ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഫ്രാൻസിലെത്തും. ഫ്രാൻസിലെ പ്രധാന ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ റഫാൽ വിമാനങ്ങൾ സംബന്ധിച്ച ഇടപാട് പ്രധാന അജണ്ടകളിലൊന്നായിരിക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടിവി റിപ്പേർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ചർച്ചയിൽ റഫേൽ ഇടപാടുകളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഫ്രാൻസ് സമർപ്പിച്ചിരുന്നു. ഈ ചർച്ചയ്ക്ക് പിന്നാലെയാണ് അജിത് ഡോവലിന്റെ ഫ്രാൻസ് സന്ദർശനം. അടുത്ത സാമ്പത്തിക വർഷത്തിന് മുന്നോടിയായി ആവശ്യമായ ചർച്ചകൾ നടത്തി, ഫ്രാൻസുമായി കരാറിൽ ഒപ്പുവയ്‌ക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യൻ നാവികസേനയുടെ കടൽമാർഗമുള്ള ആക്രമണ ശേഷി ശക്തിപ്പെടുത്താൻ റാഫേൽ കരാർ പ്രധാനമാണ്.
ഇന്ത്യക്ക് നൽകുന്ന റഫാൽ മറൈൻ ജെറ്റ് വിമാനങ്ങളുടെ അന്തിമ വില ഫ്രാൻസ് അറിയിച്ചിരുന്നു. 26 റഫാൽ മറൈൻ ജെറ്റ് കരാറിൻ്റെ അന്തിമ വിലയാണ് രാജ്യം ഇന്ത്യയ്ക്ക് സമർപ്പിച്ചത്. ഓഫർ ഇന്ത്യൻ അധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കരാറിലെ ചർച്ചകൾക്ക് ശേഷം ഗണ്യമായ വിലക്കുറവ് നൽകിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ സന്ദർശനത്തിന് മുന്നോടിയായാണ് ഫ്രാൻസ് വില സംബന്ധിച്ച വിവരങ്ങൾ നൽകിയത്.