NEWSROOM

ദുബായ് കാറോട്ട മത്സരത്തില്‍ നിന്ന് അജിത് പിന്മാറി; തീരുമാനം പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന്

അജിത് ക്യാപ്റ്റനായുണ്ടാകില്ല എന്നാൽ, ടീം ഓണറായി തുടരുമെന്ന് അജിത് കുമാർ റേസിംഗ് കമ്പനി ഔദ്യോഗികമായി പ്രസ്താവനയിറക്കി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ദുബായ് 24 എച്ച് റേസിംഗ് മത്സരത്തില്‍ നിന്ന് നടൻ അജിത് പിന്മാറി. പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്നാണ് തീരുമാനം. ടീമിൻ്റെ പ്രകടനത്തിനാണ് മുൻഗണനയെന്നും, മത്സരത്തിൽ സജീവമായി തുടരുമെന്നും അജിത് അറിയിച്ചു. അജിത് ക്യാപ്റ്റനായുണ്ടാകില്ല എന്നാൽ, ടീം ഓണറായി തുടരുമെന്നും അജിത് കുമാർ റേസിംഗ് കമ്പനി ഔദ്യോ​ഗികമായി പ്രസ്താവനയിറക്കി അറിയിച്ചു.

ദുബായ് 24 മണിക്കൂര്‍ റേസില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനിടെ അജിതിൻ്റെ കാ‍റിന് അപകടം പറ്റുന്നതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ചൊവ്വാഴ്ച ദുബായിലെ റേസിങ് ട്രാക്കിലെ പരിശീലനത്തിനിടെയായിരുന്നു അപകടം. അജിത് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ വട്ടം കറങ്ങുന്നതും വൈറലായ വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ആറ് മണിക്കൂര്‍ നീണ്ട പരിശീലനത്തിനിടെയാണ് അജിതിന് അപകടമുണ്ടായത്. മാത്യൂ ഡെട്രി, ഫാബിയന്‍ ഡഫ്യൂക്‌സ്, കാമെറോണ്‍ മക്‌ലിയോഡ് എന്നിവര്‍ക്കൊപ്പമാണ് അജിത്തിന്റെ ഉടമസ്ഥതയിലുള്ള അജിത് കുമാര്‍ റേസിങ് വരുന്ന റേസിങ്ങിനായി തയ്യാറെടുക്കുന്നത്. അപകടം സംഭവിക്കുന്ന സമയത്ത് മണിക്കൂറില്‍ 180 കിലോമീറ്ററിലായിരുന്നു അജിത് ഓടിച്ചിരുന്ന കാറിന്റെ വേഗമെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT