NEWSROOM

പാട്ടുകളുടെ അവകാശം മ്യൂസിക് ലേബലുകള്‍ക്കാണ്, NOC വാങ്ങിയിട്ടുണ്ട്: ഇളയരാജയ്ക്ക് മറുപടിയുമായി നിര്‍മാതാക്കള്‍

ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി, ഇളമൈ ഇതോ ഇതോ എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് ഇളയരാജ നോട്ടീസ് നല്‍കിയത്

Author : ന്യൂസ് ഡെസ്ക്

തമിഴ് സനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന് റിലീസ് ആയ ചിത്രമാണ് അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലി. കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ നിയമനടപടിയുമായി സംഗീത സംവിധായകന്‍ ഇളയരാജ രംഗത്തെത്തിയിരുന്നു. ഇളയരാജ സംഗീതം നല്‍കിയ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനടപടി. 5 കോടി രൂപയാണ് നഷ്ടപരിഹാരമായി ഇളയരാജ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മെയ്‌ക്കേഴ്‌സ് ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയില്‍ ഉപയോഗിച്ച പാട്ടുകള്‍ക്ക് ആവശ്യമായ എല്ലാ അനുമതിയും മ്യൂസിക് ലേബലുകളില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ യലമഞ്ചിലി രവിശങ്കര്‍ അറിയിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. 'പാട്ടുകളുടെ അവകാശം മ്യൂസിക് ലേബലുകള്‍ക്കാണ്, അതുകൊണ്ട് ഞങ്ങള്‍ എല്ലാ പ്രോട്ടോകോളുകള്‍ പാലിക്കുകയും അവരുടെ പക്കല്‍ നിന്നും എന്‍ഒസി വാങ്ങിക്കുകയും ചെയ്തിരുന്നു', എന്നാണ് യലമഞ്ചിലി രവിശങ്കര്‍ പറഞ്ഞത്. ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി, ഇളമൈ ഇതോ ഇതോ എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് ഇളയരാജ നോട്ടീസ് നല്‍കിയത്.




ഇതാദ്യമായല്ല ഇളയരാജ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ഇതിന് മുന്‍പും തന്റെ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി പല സിനിമാ നിര്‍മാതാക്കള്‍ക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.

അജിത് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി ഏപ്രില്‍ 10 ന് ആയിരുന്നു റിലീസ്. തൃഷയാണ് ചിത്രത്തിലെ നായിക. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് ശേഷം ആദിക് രവിചന്ദ്രര്‍ ഒരുക്കിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.

SCROLL FOR NEXT