NEWSROOM

തിരുവമ്പാടിയിൽ കെഎസ്ഇബി ജീവനക്കാർക്കെതിരായ പരാതി; തൽക്കാലം കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി

ജീവനക്കാരെ പൊലീസിന് ചോദ്യം ചെയ്യാമെന്നും, നിഷ്‌പക്ഷവും സുതാര്യവുമായ അന്വേഷണം നടക്കട്ടെ എന്നും കോടതി നി‍‍ർദേശിച്ചു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായ അജ്മലിന്റെ ഉമ്മയുടെ പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ തല്‍ക്കാലം കടുത്ത നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി. ലൈന്‍മാന്‍ പ്രശാന്ത്, കരാര്‍ ജീവനക്കാരന്‍ അനന്തു എന്നിവര്‍ക്കെതിരെ നടപടി പാടില്ലെന്നാണ് നിര്‍ദ്ദേശം. ജീവനക്കാരെ പൊലീസിന് ചോദ്യം ചെയ്യാമെന്നും, നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടക്കട്ടെ എന്നും കോടതി നിര്‍ദേശിച്ചു.

തിരുവമ്പാടി സ്വദേശി യു.സി റസാക്കിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. റസാക്കിന്റെ മക്കളായ അജ്മലും ഫഹദും തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടർന്നായിരുന്നു കെഎസ്ഇബിയുടെ തീരുമാനം. തുടര്‍ന്നാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കുടുംബത്തിൻ്റെ പ്രതിഷേധത്തിൽ കെഎസ്ഇബി മുട്ടുമടക്കയായിരുന്നു. 

വീട്ടിലേക്കെത്തിയ കെഎസ്ഇബി ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് അജ്മലിന്റെ ഉമ്മയുടെ പരാതിയില്‍ പറയുന്നത്. അന്യായമായി തടഞ്ഞുവെക്കല്‍, മനഃപൂര്‍വം പരുക്കേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍, സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. പ്രതികള്‍ ചെയ്തത് ഗുരുതരമായ കുറ്റമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

SCROLL FOR NEXT