NEWSROOM

'ഞാനും അവർക്കൊപ്പം ഉണ്ടായിരുന്നു, ആ സമയം ഒരു കുഴിയിലേക്ക് വീണു'; കല്ലടിക്കോട് അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട അജ്‌ന ഷെറിന്റെ വാക്കുകള്‍

മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വന്ന ലോറി ഞങ്ങളുടെ അടുത്ത് നിന്ന് ചെരിഞ്ഞു. ഈ സമയം പാലക്കാട് നിന്ന് വന്ന ലോറി അതിന് പിന്നില്‍ പോയി ഇടിച്ചു.

Author : ന്യൂസ് ഡെസ്ക്


പാലക്കാട് കല്ലടിക്കോട് നടന്ന അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്ന അജ്‌ന ഷെറിന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. അപകടം നടക്കുന്ന സമയത്ത് ഒരു കുഴിയിലേക്ക് വീണതിനാലാണ് താന്‍ രക്ഷപ്പെട്ടത് എന്നാണ് അജ്‌ന ഷെറിന്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചത്.

'ലോറി നല്ല സ്പീഡിലാണ് വന്നത്. പാലക്കാട് ഭാഗത്ത് നിന്ന് ലോറി വരുന്നുണ്ടായിരുന്നു. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വന്ന ലോറി ഞങ്ങളുടെ അടുത്ത് നിന്ന് ചെരിഞ്ഞു. ഈ സമയം പാലക്കാട് നിന്ന് വന്ന ലോറി അതിന് പിന്നില്‍ പോയി ഇടിച്ചു. ഞാനും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഈ സമയത്ത് ഞാന്‍ ഒരു കുഴിയിലേക്ക് വീഴുകയായിരുന്നു,' അജ്‌ന ഷെറിന്‍ പറഞ്ഞു.

കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. ആയിഷ എ.എസ്, റിദ ഫാത്തിമ, നിദ ഫാത്തിമ കെ.എം, ഇര്‍ഫാന ഷെറിന്‍ പി.എ. എന്നിവരാണ് മരിച്ചത്. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇവരുടെ ദേഹത്തേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടാകുന്നത്.

കുട്ടികളുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ച് പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ കരിമ്പനയ്ക്കലെ ഹാളിലേക്ക് മാറ്റി. പത്ത് മണി വരെ ഇവിടെ പൊതു ദർശനത്തിന് വെച്ചു. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് കുട്ടികളുടെയും ഖബറടക്കം നടക്കുക.

സ്‌കൂളിലെ പൊതുദര്‍ശനം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. സ്‌കൂളിന് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

SCROLL FOR NEXT