മലയോര കർഷകന്‍റെ പുത്രൻ കെപിസിസി അധ്യക്ഷനായിരിക്കുന്നുവെന്നും ഇതിൽ വലിയ സന്തോഷമുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. കോൺഗ്രസ് മുഖ്യമന്ത്രി ഭരിക്കുന്ന യുഡിഎഫ് സർക്കാർ കേരളത്തിൽ ഉണ്ടാക്കുകയാണ് അവർക്കുള്ള ദൗത്യം. ആ ദൗത്യത്തിൽ ഇവർ പൂർണമായി വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും എ.കെ. ആൻ്റണി പ്രതികരിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയപ്പോഴായിരുന്നു എ.കെ. ആൻ്റണിയുടെ പ്രതികരണം.
യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളെയും കൂടെ നിർത്താൻ കഴിഞ്ഞാൽ 2001നേക്കാൾ വലിയ വിജയം സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്നാണ് വിശ്വാസം. ഞാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ട് വിഭാഗം - തീരദേശ ജനങ്ങളും മലയോരത്തെ ജനങ്ങളുമാണ്. കേരളത്തിലെ കോൺഗ്രസിൻ്റെ ചരിത്രത്തിലാദ്യമായി ഉളിക്കൽ ഗ്രാമത്തിൽ ജനിച്ച് വളർന്ന മലയോര കർഷകൻ്റെ പുത്രൻ കെപിസിസി പ്രസിഡൻ്റായിരിക്കുന്നു. അത് വളരെ സന്തോഷമുള്ള കാര്യമാണ്. മലയോര കർഷകർ ഇന്ന് ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നുപോകുകയാണ്. ഈ സമയത്ത് അവർക്ക് കൂടുതൽ ആശ്വാസം നൽകുവാൻ ഈ ടീമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും എ.കെ. ആൻ്റണി പറഞ്ഞു.
ALSO READ: സഭാ നിലപാടും ജനകീയനെന്ന പ്രതിച്ഛായയും ഗുണം ചെയ്തു; സംസ്ഥാന കോൺഗ്രസ് നായകസ്ഥാനത്ത് ഇനി സണ്ണി ജോസഫ്
എ.കെ. ആൻ്റണിയുടെ അനുഗ്രഹത്തോടെയാണ് കെപിസിസി ഓഫീസിലേക്ക് പോകുന്നതെന്ന് നിയുക്ത കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ ഉപദേശ നിർദേശങ്ങൾക്കും ടീം എന്നും കടപ്പെട്ടിരിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.