NEWSROOM

വനനിയമ ഭേദഗതി കാലോചിതമായിരുന്നു, കർഷകരെയും ജനങ്ങളെയും ദ്രോഹിക്കുകയല്ല സർക്കാർ ലക്ഷ്യം: എ.കെ. ശശീന്ദ്രന്‍

ഭേദഗതി ഇപ്പോൾ ആവശ്യമില്ല എന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായതെന്നും ശശീന്ദ്രന്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വനനിയമ ഭേദഗതി കാലോചിതമായിരുന്നു എന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. എല്ലാ നിയമത്തെയും പോലെ വന നിയമത്തിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവണം. കർഷകരെയും ജനങ്ങളെയും ദ്രോഹിക്കുകയല്ല സർക്കാർ ലക്ഷ്യമെന്നും വനം മന്ത്രി പറഞ്ഞു.

വനനിയമത്തിൽ ഭേദ​ഗതി വേണമെന്നത് പലകോണിൽ നിന്ന് വന്ന ആവശ്യമാണ്. കാലോചിതമായ മാറ്റം എല്ലാ നിയമങ്ങൾക്കും ഉണ്ടാകുന്നത് പോലെ വനനിയമത്തിനും ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ട് നേരത്തെ ഉണ്ടാക്കിയിരുന്ന ഭേദ​ഗതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഭേദ​ഗതിയാണ് കരട് ബില്ലായി ​ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇത് പ്രസിദ്ധീകരിച്ച ഉടനെ തന്നെ പല കോണിൽ നിന്നും വിമർശനം ഉയർന്നു. ആ വിമർശനം ഉണ്ടായ പശ്ചാത്തലത്തിൽ പൊതു സമൂഹത്തിനുളള എതിർപ്പുകൾ അറയിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു, ശശീന്ദ്രന്‍ പറഞ്ഞു. ന്യായമായ അത് ഭേദ​ഗതികൾക്കും സ‍ർക്കാ‍ർ തയ്യാറാണെന്ന് അന്നുതന്നെ അറിയിച്ചതാണ്. കർഷക ദ്രോഹപരമായ ഏത് വ്യവസ്ഥ അതിൽ ഉണ്ടെങ്കിലും അതൊക്കെ മാറ്റാൻ ഒരുക്കമാണെന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും വനം മന്ത്രി അറിയിച്ചു.

മലയോരജനതയെ സർക്കാരിന് എതിരായി മാറ്റാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നത്തായി എ.കെ. ശശീന്ദ്രന്‍ ആരോപിച്ചു. ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി ഒരു നിയമവും പാസാക്കാൻ സർക്കാർ തയ്യാറല്ല. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് കരട് പിൻവലിച്ചത്. ഭേദഗതി ഇപ്പോൾ ആവശ്യമില്ല എന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണയായിയെന്നും ശശീന്ദ്രന്‍ പറഞ്ഞു. കർഷക താല്‍പ്പര്യം സംരക്ഷിക്കുകയാണ് സർക്കാർ നിലപാട്. നിയമത്തിന്റെ കാര്യത്തിൽ സർക്കാർ തിടുക്കം കാട്ടിയിട്ടില്ല, കൈ പൊള്ളിയിട്ടുമില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേർത്തു.

SCROLL FOR NEXT