NEWSROOM

"മന്ത്രിസ്ഥാനത്തിന് തൊഴിലുറപ്പിൻ്റെ ഉറപ്പ് പോലുമില്ല"; എൻസിപി നേതാക്കൾക്ക് ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്ന് എ.കെ. ശശീന്ദ്രന്‍

മന്ത്രിസ്ഥാന മാറ്റം ദേശീയ നേതൃത്വത്തിൻ്റെ തീരുമാനമാണെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പരസ്യമായി പ്രഖ്യാപിച്ചു

Author : ന്യൂസ് ഡെസ്ക്

എന്‍സിപിയുടെ മന്ത്രിമാറ്റ തീരുമാനത്തില്‍ പ്രതികരിച്ച് എ.കെ. ശശീന്ദ്രന്‍. മന്ത്രിസ്ഥാനത്തിന് തൊഴിലുറപ്പിൻ്റെ ഉറപ്പ് പോലുമില്ല. മൂന്നാം തീയതി എൻസിപി നേതാക്കൾക്ക് ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷത്തിന് ഉലച്ചിൽ ഉണ്ടാകുന്ന ഒരു തീരുമാനവും തന്‍റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. ഒപ്പം നിൽക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതിനെ കുറിച്ച് പാർട്ടി നേതൃത്വമാണ് ഉത്തരം പറയേണ്ടതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

മന്ത്രിസ്ഥാന മാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രി തന്നോട് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയാണ് മന്ത്രിയെ മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതെന്നും എ.കെ. ശശീന്ദ്രന്‍ കൂട്ടിച്ചേർത്തു. എൻസിപിക്ക് ഒരു മന്ത്രി വേണമെന്നത് പ്രവർത്തകനെന്ന നിലയിൽ താനും ആഗ്രഹിക്കുന്നുണ്ട്. ഇടതു മുന്നണി യോഗത്തിൽ ഈ വിഷയം ചർച്ചയാകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

Also Read: എൻസിപിക്ക് പുതിയ മന്ത്രി, തോമസ് കെ തോമസ് മന്ത്രിയായേക്കും: പി.സി. ചാക്കോ

മന്ത്രിസ്ഥാനം ത്യജിച്ചാലും എൻസിപിയിൽ താക്കോൽ സ്ഥാനം വേണമെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രൻ. തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് പി.സി. ചാക്കോ വ്യക്തമാക്കിയതോടെ എൻസിപി സംസ്ഥാന അധ്യക്ഷ പദവി ഉറപ്പാക്കാനാണ് ശശീന്ദ്രൻ്റെ നീക്കമെന്നാണ് പുറത്തുവന്നിരുന്ന വിവരം. അതേസമയം, മന്ത്രിസ്ഥാനം മാറുന്നതിൽ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും നിർണായകമാകുക.

എ.കെ. ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെ മന്ത്രിയാക്കുമെന്ന വിവരം എൻസിപിയിൽ നിന്ന് പുറത്തുവന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത് ഇന്നലെയാണ്. മന്ത്രിസ്ഥാന മാറ്റം ദേശീയ നേതൃത്വത്തിൻ്റെ തീരുമാനമാണെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പരസ്യമായി പ്രഖ്യാപിച്ചു. ശശീന്ദ്രനും തോമസ് കെ. തോമസിനുമൊപ്പം മൂന്നാം തീയതി മുഖ്യമന്ത്രിയെ കാണുമെന്ന് പറഞ്ഞ ചാക്കോ എൻസിപിയിൽ തർക്കങ്ങളില്ലെന്നും പറഞ്ഞു. എന്നാലിത് എൻസിപിയിൽ കാര്യങ്ങൾ കൂടുതൽ കലുഷിതമാക്കിയെന്നാണ് സൂചന.


SCROLL FOR NEXT