NEWSROOM

ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ? കോന്നിയില്‍ കാട്ടാന ചരിഞ്ഞതിൽ വനം വിജിലൻസ് വിഭാഗം അന്വേഷണം

സംഭവം കണ്ടെത്തുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടു

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ട കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വിജിലൻസ് വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. സംഭവം കണ്ടെത്തുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മനപ്പൂർവമായ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

നേരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിന് പുറമെയാണ് വനം വിജിലൻസ് വിഭാഗം വിശദമായ അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ കൂടി പരിഗണിച്ചാണ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.


അതേസമയം, ഹൈ വോൾട്ടേജ് വൈദ്യുതാഘാതമേറ്റാണ് കാട്ടാന ചരിഞ്ഞതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൈതച്ചക്ക കൃഷിയിടത്തിലെ സോളാർ ഫെൻസിങിൽ നേരിട്ട് വൈദ്യുതി കൊടുത്തതായാണ് സംശയം. സംഭവത്തിൽ തോട്ടമുടമ ബൈജു രാജനെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ കൈതച്ചക്ക കൃഷിയിടത്തിന് സമീപമാണ് ആനയെ കണ്ടെത്തിയത്. കൊമ്പനാനയാണ് ചരിഞ്ഞത്. സ്വകാര്യ കൈതത്തോട്ടത്തിനു സംരക്ഷണമായി സ്ഥാപിച്ച സോളർ വേലിക്കു മുകളിലായാണ് ആനയുടെ ശരീരം കിടന്നിരുന്നത്. സൗരോർജ വേലിയുടെ തൂണും ഒടിഞ്ഞ നിലയിലായിരുന്നു.

വിവരം പുറത്തറിഞ്ഞതോടെ ഡിഎഫ്ഒ ആയുഷ് കുമാർ കോറിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആനയുടെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. ആനയുടെ കൃത്യമായ പ്രായം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും 20ൽ താഴെയാണെന്നാണ് നിഗമനം.

SCROLL FOR NEXT