മന്ത്രിസ്ഥാന കൈമാറ്റത്തെ സംബന്ധിച്ച ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്ന് എന്‍സിപി നേതാവ് എ.കെ. ശശീന്ദ്രന്‍. വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ് എന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകും എന്ന് പറഞ്ഞത് മറ്റൊരു സാഹചര്യത്തിലാണെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം എഡിജിപി-ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യത്തോട് ശശീന്ദ്രന്‍ പ്രതികരിച്ചില്ല. പുറത്ത് അഭിപ്രായം പറയുന്ന രീതി പാര്‍ട്ടിക്കില്ലെന്നും എന്‍സിപിയുടെ നിലപാട് മുന്നണിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള നീക്കം എന്‍സിപിയില്‍ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ രണ്ടരക്കൊല്ലം എന്ന കീഴ്‌വഴക്കം പാര്‍ട്ടിയില്‍ ഇല്ലെന്നും മന്ത്രിസ്ഥാനം രാജിവെക്കില്ലെന്നുമുള്ള തീരുമാനത്തിലാണ് ശശീന്ദ്രന്‍. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്ന ഭീഷണയും ശശീന്ദ്രന്‍ ഉയര്‍ത്തിയിരുന്നു.
എന്‍സിപിയില്‍ തര്‍ക്കം മുറുകുന്നതിനിടെ തോമസ് കെ. തോമസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പിന്തുണ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മന്ത്രി സ്ഥാനം മാറ്റുന്നത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം അല്ല തീരുമാനം എടുക്കേണ്ടതെന്നും അത് കേന്ദ്ര നേതൃത്വമാണെന്നുമായിരുന്നു അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞത്.
എ.കെ. ശശീന്ദ്രനെ മാറ്റുന്നത് സംബന്ധിച്ച് എന്‍സിപി തലവന്‍ ശരദ് പവാര്‍ ആയിരിക്കും തീരുമാനമെടുക്കുക എന്നും നിലവില്‍ അത്തരം ഒരു തീരുമാനത്തിലേക്കും കടന്നിട്ടില്ലെന്നുമായിരുന്നു പി.സി. ചാക്കോടയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പിസി ചാക്കോ ഓണ്‍ലൈന്‍ ആയി വിളിച്ച യോഗവും തര്‍ക്കത്തിലാണ് കലാശിച്ചത്. വ്യക്തിപരമായ ആരോപണങ്ങളിലേക്ക് തര്‍ക്കം നീണ്ടതോടെ യോഗം പിരിച്ചുവിടുകയായിരുന്നു.