NEWSROOM

വടകരയില്‍ ഒരു മുസ്ലീം വേണമെന്നത് ആരുടെ തീരുമാനം? ഇപ്പോള്‍ നടന്നത് പാലക്കാട്-വടകര-ആറന്മുള കരാര്‍: എ.കെ. ഷാനിബ്

ഉമ്മൻ ചാണ്ടിയുടെ മരണശേഷം പ്രശ്നങ്ങൾ കേൾക്കാൻ പാർട്ടിയിൽ ആരും ഇല്ല. രാഷ്ട്രീയ വഞ്ചനയാണ് ഷാഫിയും വി.ഡി. സതീശനും തുടരുന്നതെന്നും ഷാനിബ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്. 'പാർട്ടിയിൽ താൻ മാത്രം' എന്ന ഷാഫി പറമ്പിലിൻ്റെ രീതിയാണ് ജില്ലയിൽ യുവനേതാക്കൾ ഇല്ലാതാവാൻ കാരണമെന്ന് എ.കെ. ഷാനിബ് പറഞ്ഞു. 

ഷാഫിക്ക് വേണ്ടി പാർട്ടി തെരഞ്ഞെടുപ്പ് രീതിയും ഭരണഘടനയും വരെ മാറ്റി. ബിജെപി രണ്ടാം സ്ഥാനത്തുള്ള പാലക്കാട് നിന്നും ഷാഫി വടകരക്ക് പോയത് കരാറിൻ്റെ ഭാഗമായാണ്. മുസ്ലീം സ്ഥാനാർഥി വടകരയിൽ വേന്നമെന്നത് ആരുടെ തീരുമാനമാണെന്നും മുല്ലപ്പള്ളിയും കെ. മുരളീധരനും മുസ്ലീം ആയിട്ടാണോ വിജയിച്ചതെന്നും ഷാനിബ് ചോദിച്ചു. പാലക്കാട് -വടകര - ആറന്മുള കരാറാണ് ഇപ്പോൾ നടന്നതെന്നും ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ. മുരളീധരനെന്നും ഷാനിബ് പറഞ്ഞു.

പ്രായപരിധി കഴിഞ്ഞിട്ടും ഷാഫിയെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റാക്കി. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞപ്പോൾ തങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. ഉമ്മൻ ചാണ്ടിയുട മരണശേഷം പ്രശ്നങ്ങൾ കേൾക്കാൻ പാർട്ടിയിൽ ആരും ഇല്ല. അദ്ദേഹം ഷാഫിയോട് പല തവണ പറഞ്ഞിട്ടും തന്നെ അവഗണിക്കുകയായിരുന്നു. രാഷ്ട്രീയ വഞ്ചനയാണ് ഷാഫിയും വി.ഡി.സതീശനും തുടരുന്നത്. കേരള മുഖ്യമന്ത്രിയാകാൻ വി.ഡി. സതീശൻ ആർഎസുഎസുമായി പാലം ഉണ്ടാക്കുന്നു. 

അതിനൊപ്പം നിൽക്കാൻ താത്പര്യമില്ല. എന്നാൽ പാര്‍ട്ടിവിടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയില്‍ തന്നെ നില്‍ക്കാന്‍ പറ്റുമോ എന്ന് നോക്കും. സരിന് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകില്ല. മറ്റൊരു പാർട്ടിയിലും ഇതുവരെ ചേരാൻ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് വ്യക്തമാക്കി.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതു മുതൽ പാർട്ടിക്കുള്ളിലുള്ള ഭിന്നാഭിപ്രായങ്ങൾ പുറത്തുവന്നിരുന്നു. കോൺഗ്രസ്  നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച് പി. സരിൻ രംഗത്തെത്തിയിരുന്നു.  ഇടതുപക്ഷത്തോടൊപ്പമാണെന്ന അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ സരിനെ  കോൺഗ്രസ് പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. നിലവിൽ പി. സരിൻ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർഥിയാണ്.

SCROLL FOR NEXT