NEWSROOM

ജയപ്രകാശ് നാരായണിൻ്റെ ജന്മദിനത്തിൽ പുഷ്പാർച്ചനയെ ചൊല്ലി യുപിയിൽ ബിജെപി-സമാജ്‌വാദി പാർട്ടി വാക്പോര്

മ്യൂസിയത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ വ്യാഴാഴ്ച രാത്രി ടിൻ ഷീറ്റുകൾ കൊണ്ട് മറച്ചതാണ് ബിജെപിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കാൻ സമാജ്‌വാദി പാർട്ടി നേതാക്കളെ പ്രേരിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്


ലഖ്നൗവിൽ സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണിൻ്റെ ജന്മദിനത്തിൽ പുഷ്പാർച്ചനയെ ചൊല്ലി ഉത്തർ പ്രദേശിൽ ബിജെപി-സമാജ്‌വാദി പാർട്ടി വാക്പോര്. പ്രതിപക്ഷ പാർട്ടിയുടെ മുതിർന്ന നേതാവായ അഖിലേഷ് യാദവ് തന്നെയാണ് 'ജയപ്രകാശ് നാരായൺ ഇൻ്റർനാഷണൽ സെൻ്ററി'ൽ (JPNIC) ടിൻ ഷീറ്റ് ഉപയോഗിച്ചതിനെ വിമർശിച്ച് രംഗത്തെത്തിയത്. ജെ.പി. നാരായണൻ്റെ ജന്മവാർഷിക ദിനമായ വെള്ളിയാഴ്ച സമാജ്‌വാദി പാർട്ടി നേതാക്കൾ മ്യൂസിയത്തിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്താനിരിക്കെയാണ് സംഭവം.

മ്യൂസിയത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ വ്യാഴാഴ്ച രാത്രി ടിൻ ഷീറ്റുകൾ കൊണ്ട് മറച്ചതാണ് ബിജെപിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കാൻ സമാജ്‌വാദി പാർട്ടി നേതാക്കളെ പ്രേരിപ്പിച്ചത്. ഇന്നലെ രാത്രിയോടെയാണ് പൊലീസുകാരുടെ നേതൃത്വത്തിൽ ബാരിക്കേഡുകൾ ശക്തിപ്പെടുത്തിയത്.

സമാജ്‌വാദി പാർട്ടി ഓഫീസിന് പുറത്തും പൊലീസ് തടസങ്ങൾ സൃഷ്ടിച്ചതായി അവകാശപ്പെടുന്ന വീഡിയോകളും അഖിലേഷ് യാദവ് പുറത്തുവിട്ടു. "ബിജെപിക്കാരായാലും, അവരുടെ സർക്കാരായാലും അവരുടെ ഓരോ പ്രവർത്തനവും നിഷേധാത്മകതയുടെ പ്രതീകമാണ്. ജയപ്രകാശ് നാരായൺജിയുടെ ജന്മദിനത്തിൽ സമാജ്‌വാദി പാർട്ടിക്കാർ അദ്ദേഹത്തിൻ്റെ പ്രതിമയിൽ മാലയിടുന്നത് തടയാൻ, കഴിഞ്ഞ തവണത്തെപ്പോലെ ഞങ്ങളുടെ സ്വകാര്യ വസതികൾക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്," അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.

ബിജെപി എല്ലാ മഹാന്മാരെയും ബഹുമാനിക്കുന്നുവെന്നും, ജയപ്രകാശ് നാരായൺ ലാളിത്യത്തിൻ്റെ പ്രതീകമാണെന്നും ബിജെപിയുടെ യുപി യൂണിറ്റ് വക്താവ് അലോക് അവസ്തി തിരിച്ചടിച്ചു. "മിസ്റ്റർ അഖിലേഷ് യാദവ്, ജയ് പ്രകാശ് നാരായണൻ്റെ ഒരു ഗുണമെങ്കിലും നിങ്ങൾക്കുണ്ടോ? നിങ്ങൾ ആഡംബര ജീവിതമാണ് ആസ്വദിക്കുന്നത്. നിങ്ങളുടെ ഭരണകാലത്ത് യുപിയിൽ അരാജകത്വവും ഗുണ്ടായിസവും ദുർഭരണവും കലാപവും അഴിമതിയുമാണ് നിലനിന്നിരുന്നത്. ജയപ്രകാശ് ജിയുടെയും ലോഹ്യ ജിയുടെയും ചിന്തകൾക്ക് വിരുദ്ധമാണ് താങ്കളുടെ പെരുമാറ്റം," അലോക് അവസ്തി വിമർശിച്ചു.

വ്യഴാഴ്ച രാത്രി അഖിലേഷ് യാദവിന് മ്യൂസിയം സന്ദർശിക്കാനുള്ള അനുമതി അഖിലേഷ് യാദവ് നിഷേധിച്ചിരുന്നു. അകത്ത് ജോലികൾ പുരോഗമിക്കുകയാണെന്നും പ്രാണികളുടെ ശല്ല്യമുണ്ടാകുമെന്നും പറഞ്ഞാണ് പൊലീസ് പ്രവേശനം നിഷേധിച്ചത്. എന്നാൽ രാത്രി തന്നെ മ്യൂസിയം കവാടത്തിനരികെയെത്തിയ അഖിലേഷ് ബിജെപിയുടെ നിഷേധാത്മക സമീപനം ചൂണ്ടിക്കാട്ടി വീഡിയോകളും ഫോട്ടോയും പങ്കുവെക്കുകയായിരുന്നു. മാധ്യമങ്ങളും ഇവിടെയെത്തിയിരുന്നു.

SCROLL FOR NEXT