NEWSROOM

യുപി മുഖ്യമന്ത്രിയുടെ വീടിന് താഴെ ശിവലിംഗം, അവിടെയും ഖനനം ചെയ്യണം: അഖിലേഷ് യാദവ്

സംഭാലിൽ കിണർ ഖനനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് അഖിലേഷ് യാദവിൻ്റെ വിമർശനം

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ലക്നൗവിലെ വീടിന് താഴെ ശിവലിംഗമുണ്ടെന്ന് സമാജ്‌‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. യോഗി ആദിത്യനാഥിൻ്റെ വീടിന് താഴെയും ഖനനം ചെയ്യണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. സംഭാലിൽ കിണർ ഖനനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് അഖിലേഷ് യാദവിൻ്റെ വിമർശനം.


ബിജെപി സർക്കാർ അവരുടെ പരാജയം മറച്ചുവെക്കാനും, ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനുമായി പലയിടത്തായി ഖനനം നടത്തുകയാണ്. മുഖ്യമന്ത്രിയുടെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവിടെയും ഖനനം നടത്തണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. നിരപരാധികളുടെ വീടുകൾ അനധികൃതമായി ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണ്. ഇത് വികസനമല്ല, നശിപ്പിക്കലാണെന്നും യുപി മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് വിമർശിച്ചു.

അതേസമയം, അഖിലേഷ് യാദവിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി ബിജെപി വക്താവ് രാകേഷ് ത്രിപാദി രംഗത്തെത്തി. സംഭലിൽ ഖനനം നടത്തുന്നതിന് അഖിലേഷ് യാദവിന് എന്താണ് പ്രശ്നമെന്ന് രാകേഷ് ത്രിപാദി ചോദിച്ചു. 2013ൽ അഖിലേഷ് യാദവ് 1000 ടൺ സ്വർണം ഖനനം ചെയ്യാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചു. സ്വർണം കുഴിച്ചെടുക്കാൻ തയ്യാറാണ്, എന്നാൽ ശിവലിംഗത്തിൻ്റെ കാര്യത്തിൽ പ്രശ്നമുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ഖനനം ചെയ്യുന്ന കാര്യം പറയുന്നതെന്നും രാകേഷ് ത്രിപാദി പറഞ്ഞു. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാലയും വോട്ട് ബാങ്ക് ഉണ്ടാക്കുന്നതിനായി സമാജ്‌‌വാദി പാർട്ടി ശിവലിംഗത്തെ കളിയാക്കുകയാണെന്ന് വിമർശിച്ചു.

SCROLL FOR NEXT