കർണാടക സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ് രംഗത്ത്. ഷിരൂരിൽ അർജുനായുള്ള രക്ഷാപ്രവർത്തനത്തിൽ ഇപ്പോൾ പ്രതീക്ഷയല്ല നിരാശ മാത്രമാണ്. പത്ത് ദിവസം കഴിഞ്ഞിട്ടും ഫലം ഒന്നും കിട്ടിയില്ല. ഇപ്പോഴത്തെ നിലയിൽ ഈശ്വർ മാൽപ്പെയുടെ മുങ്ങൽ കൂടി അവസാനിച്ചാൽ അടുത്തത് എന്തെന്ന ചോദ്യത്തിന് കർണാടക സർക്കാരിന് ഉത്തരമില്ലെന്നും എംഎൽഎ പറഞ്ഞു.
ട്രക്ക് കണ്ടെന്ന് പറയുന്നതല്ലാതെ അതിനുള്ളിൽ അർജുൻ ഉണ്ടോ എന്നതിൽ വ്യക്തതയില്ല. മണ്ണും പാറയും മാറ്റിയാൽ മാത്രമേ ട്രക്കിനടുത്തേക്ക് എത്താൻ സാധിക്കൂവെന്ന് നേരത്തെ ഈശ്വർ മാൽപെ പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ എവിടെയെങ്കിലും പാറ മുകളിലുള്ളപ്പോൾ മണ്ണ് മാറ്റാൻ പറ്റിയ യന്ത്രമുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായിട്ടില്ല. നിലവിൽ ഒഴുക്ക് കുറയാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് നാവികസേന പറയുന്നത്.
കേരളത്തിൽ നിന്നുള്ള നിരവധിപേർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് പറയുന്നുണ്ട്. അർജുൻ്റെ ട്രക്ക് എടുക്കാൻ സാധിക്കുമെന്നാണ് അവർ പറയുന്നത്. എന്നാൽ അവർക്ക് അതിനൊരു അവസരം നൽകാൻ ഇവിടെയുള്ള ഉദ്യോഗസ്ഥർ തയാറല്ല. നിലവില്‍ തെരച്ചില്‍ അനിശ്ചിതത്വത്തിലാണ്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ സംസാരിച്ച് ആ രീതിയിലേക്ക് കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.